k-rice

തിരുവനന്തപുരം: ശബരി കെ-റൈസ് എല്ലാ സപ്ലൈകോ ഔട്ട്‌‌ലെറ്റുകളിലും ഇന്ന് ഉച്ചയോടെ ലഭ്യമാകുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 195 ടണ്ണാണ് ഇതുവരെ വിതരണം ചെയ്തത്. ഇന്നലെ വരെ 39,053 റേഷൻ കാർഡുടമകൾ വാങ്ങി. സപ്ലൈകോയുടെ 1600 ലധികം വില്പനശാലകളിലൂടെയാണ് കെ- റൈസ് വിതരണം ചെയ്യുന്നത്. 1150ലധികം വില്പനശാലകളിലും എത്തിയിട്ടുണ്ട്. ആദ്യഘട്ടമായി രണ്ടായിരം മെട്രിക് ടൺ അരിയാണ് വാങ്ങിയത്. ഇതിൽ 1100 മെട്രിക് ടൺ സപ്ലൈകോയുടെ 56 ഡിപ്പോകളിൽ എത്തിച്ചു.

സബ്സിഡി സാധനങ്ങളും വില്പനശാലകളിലെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് സബ്സിഡി ഇതര ഇനങ്ങൾക്ക് 'സപ്ലൈകോ ഗോൾഡൻ ഓഫർ' എന്ന പേരിൽ ഓഫർ സ്‌കീം ആവിഷ്‌കരിച്ചിട്ടുണ്ട്. വെള്ളക്കടല, ഉലുവ, ഗ്രീൻപീസ്, കടുക്, പിരിയൻ മുളക് തുടങ്ങിയ 15ഇനം സബ്സിഡിയിതര സാധനങ്ങൾക്ക് പൊതു വിപണിയെക്കാൾ 15 മുതൽ 30 ശതമാനംവരെ വിലകുറച്ചു നൽകും.


റേഷൻ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മിഷൻ വിതരണം ചെയ്യുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. ട്രാൻസ്‌പോർട്ടേഷൻ കരാറുകാർക്ക് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകാനുള്ള തുകയും അനുവദിച്ചു.