തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 5635 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായും 5279 നിയമന ശുപാർശകൾ ലഭിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
3595പേർ പരിശീലനത്തിലാണ്. പുരുഷ, വനിതാ വിഭാഗങ്ങൾ, പട്ടിക വിഭാഗം സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്നിവയിലെല്ലാമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. പുരുഷ വിഭാഗത്തിൽ 4325, വനിതയിൽ 744, പട്ടിക വിഭാഗത്തിൽ 557 ഒഴിവുകളാണ് പി.എസ്.സിയെ അറിയിച്ചത്. പട്ടിക വർഗ്ഗ പ്രാതിനിദ്ധ്യക്കുറവ് പരിഹരിക്കാനുള്ള 396, മുൻ റിക്രൂട്ട്മെന്റിലെ 31 ഒഴിവ് അടക്കമാണിത്. 200ശവനിതാ പൊലീസുൾപ്പെടെ 1400 താത്കാലിക തസ്തികകൾ 2023ൽ സൃഷ്ടിച്ചിരുന്നു. ഇതിലൂടെ 2024 ജൂൺ വരെ ഉണ്ടാകാവുന്ന ഒഴിവുകൾ മുൻകൂറായി പി.എസ്.സിയെ അറിയിക്കുകയായിരുന്നു. ഇതിനു പുറമെ സൈബർ ഡിവിഷനിലെ 155 ഒഴിവുകളിലും നിയമന ശുപാർശ ലഭിച്ചു. റിപ്പോർട്ട് ചെയ്തതിൽ 50 വനിതകളടക്കം 356 തസ്തികകളിലേക്ക് നിയമന നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.