
കോവളം: പ്ലസ് ടു വിദ്യാർത്ഥിയായ 17കാരിയെ പീഡിപ്പിച്ച കേസിൽ നഗരത്തിലെ മൊബൈൽ ഫോൺ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. വിഴിഞ്ഞം ആമ്പൽക്കുളം തേരിമുട്ടിൽ ഷാരൂഖ്ഖാൻ (25) ആണ് അറസ്റ്റിലായത്. ഏതാനും മാസം മുമ്പ് ആഴാകുളത്തുള്ള ഒരു ബന്ധുവീട്ടിൽ വച്ച് പെൺകുട്ടിയെ യുവാവ് പരിചയപ്പെടുകയും മൊബൈൽ ഫോണിലൂടെ സുഹൃത്തുക്കളാകുകയും ചെയ്തു. തുടർന്ന് യുവാവ് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കാറിൽ കൂട്ടി കൊണ്ടുപോവുകയും നഗ്ന ഫോട്ടോകൾ എടുക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് പെൺകുട്ടിയുടെ ഫോണിൽ ഈ ഫോട്ടോകൾ അയച്ച് ഭീഷണിപ്പെടുത്തി. വിദ്യാർത്ഥിയുടെ സ്വഭാവത്തിൽ മാറ്റം തിരിച്ചറിഞ്ഞ മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ കോവളം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോവളം പൊലീസ് എസ്.ഐ പ്രദീപ്, ഗ്രേഡ് എസ്.ഐ അനിൽകുമാർ, എ.എസ്.ഐമാരായ മൈന, ശ്രീകുമാർ, സീനിയർ സി.പി.ഒ ഗിരികുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.