
നെടുമങ്ങാട് : എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച റോഡുകളുടെയും മിനി മാസ്റ്റ് ലൈറ്റുകളുടെയും ഉദ്‌ഘാടന തിരക്കിലായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ മുഴുകി എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയ്. പുതുമുഖ വോട്ടർമാരെ കണ്ടും പദയാത്രകൾ നയിച്ചും വികസന പദ്ധതികളുടെ ഉദ്‌ഘാടനത്തിൽ പങ്കെടുത്തും എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ. കുറ്റിച്ചൽ പഞ്ചായത്തിലെ വലിയവിള ലക്ഷംവീട് കോളനിയിൽ രാവിലെ ലൈറ്റ് പ്രകാശിപ്പിച്ച് പ്രയാണം തുടങ്ങിയ അടൂർ പ്രകാശ്,ആദിവാസി ഗ്രാമങ്ങളായ പച്ചക്കാട്,മുക്കോത്തിവയൽ,ചോനാൻപാറ,കൈതോട്,വിതുരയിലെ ബോണക്കാട്, കല്ലൻകുടി,മേമല,തേവിയോട് കോളനി,ആയിരവല്ലി ക്ഷേത്രം,പെരിങ്ങമ്മലയിലെ മലമാരി കോളനി,മാമൂട്, കാട്ടിലക്കുഴി,കൊന്നമൂട്,കലയപുരം,പോട്ടോമാവ്,കല്ലുമല ക്ഷേത്രം എന്നിവിടങ്ങളിലും ലൈറ്റുകൾ തെളിച്ചു.ഏലിമലയിലും വാലിപ്പാറയിലും പാലങ്ങളും തുറന്നുകൊടുത്തു.ഇതിനിടയിൽ ബൂത്തുതല ഭാരവാഹികളുമായി ആശയവിനിമയം നടത്തി.വി.ജോയിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ വർക്കലയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസും, നെടുമങ്ങാട് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും ഉദ്‌ഘാടനം ചെയ്തു. നെടുമങ്ങാട് കൺവെൻഷനിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു.സി.ദിവാകരൻ,സി.ജയൻബാബു,എ.സമ്പത്ത്,വാമനപുരം പ്രകാശ് കുമാർ,അഡ്വ.ആർ.ജയദേവൻ, പാട്ടത്തിൽ ഷെരീഫ് എന്നിവർ സംസാരിച്ചു.വർക്കലയിൽ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ മണിലാൽ സ്വാഗതം പറഞ്ഞു.എ.എ.റഹിം, വി.പി.ഉണ്ണികൃഷ്ണൻ, വി.ശശി എന്നിവരും പങ്കെടുത്തു. വി.ജോയ് ഇന്ന് രാവിലെ ആറ്റിങ്ങൽ കാമ്പസുകളിൽ സന്ദർശനം തുടരും.വൈകിട്ട് വാമനപുരം മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കും.അരുവിക്കരയിൽ പ്രമുഖരെയും യുവജനങ്ങളെയും സന്ദർശിച്ചാണ് വി.മുരളീധരൻ പ്രചാരണം ആരംഭിച്ചത്. ഉച്ചയ്ക്ക് കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ നാഗർകോവിൽ- കോട്ടയം എക്സ്‌പ്രസിന് ഫ്ളാഗ് ഓഫ് ചെയ്തു.വൈകിട്ട് നാവായിക്കുളത്ത് ജനസഭയിലും ആറ്റിങ്ങൽ,കിളിമാനൂർ,നഗരൂർ എന്നിവിടങ്ങളിൽ പദയാത്രയിലും പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പദയാത്രകൾ ഉദ്‌ഘാടനം ചെയ്തു.അഡ്വ.എസ്.സുരേഷ്,മുളയറ രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.ഇന്ന് നെടുമങ്ങാട് സന്ദർശിക്കും.