photo

പാലോട്: കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയിലാണ് പാലോട്ടെ പഴയ കെ.എസ്.ആർ.ടി.സി കെട്ടിടവും സ്ഥലവും. ഏകദേശം രണ്ടര ഏക്കറോളം വരുന്ന സ്ഥലം ഇവിടെയുണ്ട്. ഈ സ്ഥലം പരിശീലനത്തിനായി ഉപയോഗിക്കാൻ ഡിപ്പാർട്ട്മെന്റ് തയ്യാറായാൽ നാടിന്റെ മുഖച്ഛായ തന്നെ മാറും. നിലവിൽ പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഓഫീസ് കെട്ടിടവും ഗാരേജും കാടുകയറി നശിച്ച്, സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ്. കെട്ടിടങ്ങൾ മുഴുവൻ നശിച്ച് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ട് വർഷങ്ങളായി. വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാൻഡ് കോടതി ഉത്തരവിനെ തുടർന്ന് പാലോട് കുശവൂർ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. പിന്നീട് പഴയ ബസ് സ്റ്റാൻഡിനെ അധികൃതർ തഴഞ്ഞു. വിവിധ കാലയളവിലായി ത്രിതല പഞ്ചായത്തുകൾ അനുവദിച്ചതും എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകകളും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്. തിരുവനന്തപുരം തെങ്കാശി പാതയിൽ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും പെട്രോൾ പമ്പ് ഉൾപ്പെടെയുള്ളവ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

 പ്രവർത്തനം ആരംഭിച്ചത്

1979 മുതൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസായും തുടർന്ന് 1984 മുതൽ ഓപ്പറേറ്റിംഗ് സെന്ററായുമാണ് ഇവിടെ കെ.എസ്.ആർ.ടി.സി പ്രവർത്തനമാരംഭിച്ചത്. 50 സെന്റിൽ മാത്രം ബസ്‌സ്റ്റാൻഡ് പ്രവർത്തിച്ചിരുന്നതിനാൽ പാർക്കിംഗിനെച്ചൊല്ലി കെ.എസ്.ആർ.ടി.സി അധികൃതരും നാട്ടുകാരുമായി നിരന്തരം വഴക്കുണ്ടായിരുന്നു. ഇത് മുതലാക്കി കുശവൂർ ജംഗ്ഷനിലെ നാട്ടുകാരും പഞ്ചായത്തും മുൻകൈയെടുത്ത് 2.5 ഏക്കർ സ്ഥലം വാങ്ങി കെ.എസ്.ആർ.ടി.സിക്ക് വിട്ടുനൽകി. സ്ഥലപരിമിതിയാണ് പ്രതിസന്ധിയെന്ന പ്രചരണത്തെ തുടർന്ന് നന്ദിയോട് പഞ്ചായത്തും നാട്ടുകാരും ചേർന്ന് ബസ് സ്റ്റാൻഡിനു സമീപം 1.57ഏക്കർ വസ്തുവും കൂടി വാങ്ങി നൽകിയതോടെ പ്രശ്നം രൂക്ഷമായി. വർഷങ്ങൾ കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡ് ആരംഭിക്കാത്തതിനാൽ സ്ഥലം തിരികെ ആവശ്യപ്പെട്ട് പെരിങ്ങമ്മല പഞ്ചായത്ത് കോടതിയെ സമീപിച്ചു. ബസ് സ്റ്റാൻഡ് ആരംഭിക്കുക അല്ലെങ്കിൽ സ്ഥലം പെരിങ്ങമ്മല പഞ്ചായത്തിന് വിട്ടു നൽകുക എന്ന കോടതി ഉത്തരവുണ്ടായതോടെ നന്ദിയോട് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും എതിർപ്പവഗണിച്ച് ബസ്‌സ്റ്റാൻഡ് കുശവൂരിലേക്ക് മാറ്റി. ഇപ്പോൾ 1.57 ഏക്കർ ഭൂമി തിരികെ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് നന്ദിയോട് പഞ്ചായത്ത് കോടതിയെ സമീപിച്ചിരിക്കുകയാണ്.

നടപടിയില്ല

കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ ഐ.എ.എസ് 2022 ജനുവരി 25ന് പാലോട്ടെ പഴയ ഡിപ്പോ സന്ദർശിച്ചിരുന്നു. കുശവൂരിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ കെടുകാര്യസ്ഥതയെ കുറിച്ചും പഴയ ഡിപ്പോയുടെ ശോചനീയാവസ്ഥയെ കുറിച്ചും നിരവധി പരാതികൾ ലഭിച്ചിരുന്നു. കെട്ടിടങ്ങൾ മുഴുവൻ നശിച്ച് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ട് വർഷങ്ങളായെന്നും കുശവൂരിലെ കെ.എസ്.ആർ.ടി.സി സ്ഥാപനത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായതിനെക്കുറിച്ചും അന്വേഷിക്കാനാണ് അദ്ദേഹമെത്തിയത്. പുതിയ വർക്ക്‌ഷോപ് തുടങ്ങാൻ കഴിയില്ലെന്നും പെട്രോൾ പമ്പ് പോലുള്ള മറ്റു സ്ഥാപനങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്നും അന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.