h

ശ്രീനാരായണ ഗുരുദേവൻ ജനസമൂഹത്തിനു നൽകിയ സന്ദേശങ്ങളിൽ പ്രചുരപ്രചാരം നേടിയ ഒന്നാണ് 'സമൂഹത്തിൽ നിന്ന് ചെറുപ്പക്കാരെ തെരഞ്ഞെടുത്തു പഠിപ്പിച്ച് അതിൽ വാസനയും യോഗ്യതയും ഉള്ളവർക്ക് സന്യാസം നൽകി പരോപകാരാർത്ഥം പ്രവർത്തിക്കുവാൻ വിട്ടയയ്ക്കുക' എന്നത്. ഗുരുദേവന്റെ ഈ ദിവ്യോപദേശ പ്രകാരമാണ് ശിവഗിരി ശ്രീനാരായണ ധർമ്മസംഘമെന്ന സന്യാസി ശിഷ്യപരമ്പര നിലനിൽക്കുന്നത് . ആ ശിഷ്യപരമ്പരയിലെ ഒരു അനർഘ കണ്ണിയാണ് സ്വാമി മഹേശ്വരാനന്ദയുടെ സമാധിയിലൂടെ അറ്റുപോയത്. ബ്രഹ്മലീനനായ മഹേശ്വരാനന്ദ സ്വാമികൾ ശ്രീനാരായണ പ്രസ്ഥാനത്തിനും ശിവഗിരി മഠത്തിനും മഹത്തായ സേവനങ്ങൾ ചെയ്ത് അർത്ഥപൂർണ്ണമായ ജീവിതം നയിച്ച മഹദ്‌വ്യക്തിയാണ്.

സ്വാമികൾ 16ാം വയസ്സിൽ ശിവഗിരി മഠത്തിൽ അന്തേവാസിയായി ചേർന്നു. അരുവിപ്പുറത്തിനടുത്ത് നെയ്യാറ്റിൻകര അരുമാനൂരാണ് മൂലകുടുംബം. അവിടെ പുളിനിന്നതിൽ വീട്ടിൽ ഭാനുവൈദ്യന്റെയും ചെല്ലമ്മയുടെയും മകനായി 1941-ലായിരുന്നു ജനനം. ഇവർക്കുണ്ടായിരുന്ന ആറു മക്കളിൽ നാലാമത്തെ മകനായിരുന്നു സാംബശിവൻ. ഗുരുദേവന്റേയും ശിഷ്യന്മാരുടെയും ദിവ്യസാന്നിദ്ധ്യം പലകുറി നേടുവാൻ ഭാഗ്യം സിദ്ധിച്ചതായിരുന്നു ആ കുടുംബം. അച്ഛൻ ഭാനു വൈദ്യർക്കും അച്ഛന്റെ അച്ഛനും ഗുരുദേവൻ ആയുർവേദ സംബന്ധമായ ഉപദേശങ്ങൾ നൽകി അനുഗ്രഹിച്ചിരുന്നു.

ബാലനായ സാംബശിവനെ സംസ്‌കൃതവും ആയുർവേദ ശാസ്ത്രവും പഠിപ്പിക്കാനായിരുന്നു ഭാനു വൈദ്യൻ തീരുമാനിച്ചിരുന്നതെങ്കിലും സാംബശിവന്റെ മോഹം ശിവഗിരിയിലെത്താനായിരുന്നു . അന്ന് ശിവഗിരി മഠാധിപതിയായിരുന്ന ശങ്കരാനന്ദ സ്വാമികളും ശ്രീനാരായണ തീർത്ഥ സ്വാമികളും നിജാനന്ദ സ്വാമികളും സത്യജിജ്ഞാസുവായ ആ ബാലനെ മഠത്തിലെ അന്തേവാസിയായി സ്വീകരിച്ചു. വളരെ പെട്ടെന്നു തന്നെ നിത്യാനുഷ്ഠാന വിധിയും പൂജാപദ്ധതിയും സാംബശിവൻ വശത്താക്കി. കൗമാരകാലത്ത് വാഴമുട്ടം ശിവക്ഷേത്രത്തിൽ അർച്ചകനായി സേവനം ചെയ്തിരുന്നതിനാൽ വൈദിക പാഠങ്ങൾ വളരെ വേഗം പഠിക്കുവാൻ സാധിച്ചു.

മനുഷ്യനായി ജനിക്കുക, മുമുക്ഷുവായിത്തീരുക, മഹാപുരുഷന്മാരോടൊപ്പം ജീവിക്കുക ഈ മൂന്നു കാര്യങ്ങൾ കിട്ടാൻ വളരെ പ്രയാസമാണെന്ന് അദ്ധ്യാത്മശാസ്ത്രം ഘോഷിക്കുന്നു. സാംബശിവന് വളരെ ബാല്യത്തിൽ തന്നെ ഗുരുദേവന്റെ നേർശിഷ്യന്മാരായ ശങ്കരാനന്ദ സ്വാമികൾ, ശ്രീനാരായണ തീർത്ഥ സ്വാമികൾ, ആനന്ദതീർത്ഥ സ്വാമികൾ, ആത്മാനന്ദ സ്വാമികൾ തുടങ്ങിയ മഹാപുരുഷന്മാരോടൊപ്പം ജീവിക്കുവാൻ പരമ ഭാഗ്യം ലഭിച്ചു. ശിവഗിരിയിൽ നിന്ന് ആ ബാലൻ ഭാരതീയ പാരമ്പര്യമനുസരിച്ച് ഭാരതത്തിലെ നിരവധി പുണ്യസ്ഥലങ്ങളിൽ സഞ്ചരിച്ച് മഹാപുരുഷ സംശ്രയത്വവും ആത്മജ്ഞാനവും കരസ്ഥമാക്കി.

അവസാനം സാംബശിവൻ എത്തിച്ചേർന്നത് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥാപിതമായ ശ്രീനാരായണ സേവാശ്രമത്തിലാണ്. അന്ന് കാഞ്ചീപുരം ആശ്രമത്തിന്റെ മഠാധിപതി മഹാത്മാവായ ആത്മാനന്ദ സ്വാമികളാണ്. ഗുരുദേവൻ പോലും വലിയ ഗുരുക്കൾ എന്നു വിളിച്ചിരുന്ന ആത്മാനന്ദ സ്വാമികളുടെ അന്തേവാസിത്വം സാംബശിവനെ അനുഗൃഹീതനാക്കി. ആയുർവേദശാസ്ത്രത്തിലും വേദവേദാന്താദി ശാസ്ത്രങ്ങളിലും പരിനിഷ്ഠിതമായ പാണ്ഡിത്യമുണ്ടായിരുന്ന ആത്മാനന്ദ സ്വാമികളോടൊപ്പമുള്ള ജീവിതമാണ് സാംബശിവനെ അനശ്വരനാക്കി മാറ്റിയത്. 1980 ൽ ശിവഗിരിയിൽ മഠാധിപതിയാ യിരുന്ന ബ്രഹ്മശ്രീ ഗീതാനന്ദ സ്വാമികളിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് മഹേശ്വരാനന്ദ സ്വാമികളായി മാറി. താമസിയാതെ ശ്രീനാരായണ ധർമ്മസംഘത്തിൽ അംഗത്വവും സ്വീകരിച്ചു.

ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനങ്ങളായ തൃത്താല ധർമ്മഗിരി ആശ്രമം,​ ആലുവ അദ്വൈതാശ്രമം, അരുവിപ്പുറം മഠം തുടങ്ങിയ ആശ്രമങ്ങളിൽ മഹേശ്വരാനന്ദ സ്വാമികൾ ദീർഘകാലം സേവനം ചെയ്തു. അരുവിപ്പുറത്ത് ഇന്നു കാണുന്ന ആശ്രമ കവാടം നിർമ്മിച്ചത് സ്വാമികൾ അവിടെ സെക്രട്ടറിയായിരിക്കുമ്പോഴാണ്. മഹേശ്വരാനന്ദ സ്വാമികളുടെ ഇളയച്ഛനാണ് (അച്ഛന്റെ അനുജൻ) വടക്കേ ഇന്ത്യയിലെങ്ങും പുകഴ്‌പെറ്റ സന്യാസിയും പണ്ഡിതനുമായിരുന്ന വിമലാനന്ദ സ്വാമികൾ. ഗുരുദേവന്റെ പ്രമുഖ രചനകളായ ആത്മോപദേശ ശതകം, അദ്വൈതദ്വീപിക, ദർശനമാല എന്നീ കൃതികൾക്ക് വിമലാനന്ദ സ്വാമികൾ എഴുതിയ വ്യാഖ്യാനങ്ങൾ പണ്ഡിതലോകം സഹർഷം സ്വീകരിച്ചിട്ടുള്ളവയാണ്.

മഹേശ്വരാനന്ദ സ്വാമികൾ എഴുത്തുകാരനോ പ്രഭാഷകനോ ആയിരുന്നില്ല എന്നാൽ സ്വന്തം ജീവിതനിഷ്ഠയിലും സംഘത്തോടുള്ള അനിർവാച്യമായ ആത്മാർത്ഥതകൊണ്ടും അർപ്പണബോധത്തോടെയുള്ള കർമ്മയോഗപരതകൊണ്ടും ജീവിതത്തെ അനശ്വരമാക്കി,​ ഗുരുദർശനവും അതിന്റെ അന്ത:സത്തയായ ആത്മബോധവുമാണ് ജീവിതത്തെ ധന്യമാക്കുന്നത് എന്ന തിരിച്ചറിവോടെയുള്ള ജീവിതവും ആത്മസാധനയും മഹേശ്വരാനന്ദ സ്വാമികളുടെ ജീവിതത്തെ അതിധന്യമാക്കി. സ്വാമികളുടെ ആത്മചൈതന്യം ശ്രീനാരായണ ചൈതന്യത്തിൽ ലീനമായി തദേകനിഷ്ഠമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു