
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട രാംനാഥ് കോവിന്ദ് സമിതി 2029-ൽ രാജ്യത്ത് ഒറ്റത്തിരഞ്ഞെടുപ്പ് ശുപാർശ ചെയ്തിരിക്കുകയാണ്. ഇതാദ്യമായിട്ടല്ല; 1952ലും 1957ലും രാജ്യത്ത് ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയിട്ടുണ്ടെന്നും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1951 ഒക്ടോബറിനും 1952 മേയ് മാസത്തിനുമിടയിൽ ലോക്സഭ, നിയമസഭ, രാജ്യസഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ ഒറ്റയടിക്ക് നടന്നു. ഇതുപോലെ ഒറ്റ തിരഞ്ഞെടുപ്പ് സാദ്ധ്യമാക്കുന്നതിന് 1957-ൽ ഏഴ് നിയമസഭകൾ കാലാവധി തീരും മുമ്പ് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഇതാദ്യമായിട്ടാവില്ല 2029-ൽ ഒറ്റ തിരഞ്ഞെടുപ്പ് നടക്കുക. ഇത് സാദ്ധ്യമായാൽ ഒറ്റ തിരഞ്ഞെടുപ്പ് നടക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ബൽജിയം, സ്വീഡൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് ഒറ്റ തിരഞ്ഞെടുപ്പ് നിലവിലുള്ളത്.
ഒറ്റ തിരഞ്ഞെടുപ്പ് എന്നാൽ ലോക്സഭയുടെയും നിയമസഭകളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും തിരഞ്ഞെടുപ്പ് ഒറ്റയടിക്കു നടത്തുക എന്നാണ് അർത്ഥമാക്കുന്നത്. കോവിന്ദ് സമിതി ശുപാർശ ചെയ്തിരിക്കുന്നത് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചും, 100 ദിവസത്തിനുശേഷം തദ്ദേശ തിരഞ്ഞെടുപ്പും നടത്താൻ ഭരണഘടനാ ഭേദഗതി വേണമെന്നാണ്. അതിന് ഭരണഘടനയിൽ 82 എ അനുച്ഛേദം ഉൾപ്പെടുത്തേണ്ടിവരും. ഈ ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല. അതിനാൽത്തന്നെ കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിക്ക് ഭരണഘടനാ ഭേദഗതിയിലൂടെ ഇത് നടപ്പാക്കാനാവും. റിപ്പോർട്ട് അതേപടി അംഗീകരിക്കുകയാണെങ്കിൽ കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമെത്തുന്ന മന്ത്രിസഭയ്ക്ക് മൂന്ന് വർഷമേ കാലാവധി ഉണ്ടാകൂ. അതായത്, കേരളത്തിൽ 2026-ലും 29-ലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഏറ്റവും പ്രധാന നേട്ടമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത് സർക്കാർ ഖജനാവിനുണ്ടാകുന്ന അമിതഭാരം കുറയ്ക്കാനാവുമെന്നതാണ്. വെവ്വേറെയുള്ള തിരഞ്ഞെടുപ്പുകൾ സൃഷ്ടിക്കുന്ന അനിശ്ചിതത്വം സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുണ്ട്. മാത്രമല്ല മാതൃകാ പെരുമാറ്റച്ചട്ടം ഒരു തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടാകുമ്പോൾ അത്രയും കാലയളവിലേക്ക് വികസന പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നുണ്ട്. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഇത് ഒഴിവാക്കാനാകും. ഏറ്റവും വലിയ നേട്ടം ഇലക്ഷൻ കാലത്തെക്കുറിച്ച് വോട്ടർമാർക്ക് കൃത്യമായ ധാരണയുണ്ടാകും എന്നതാണ്. 2019-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മാത്രം രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ച ഏകദേശ തുകയും ഇലക്ഷൻ കമ്മിഷൻ ചെലവഴിച്ച തുകയും കൂട്ടിയാൽ 60,000 കോടി രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഒറ്റ തിരഞ്ഞെടുപ്പിന് എതിരായ പ്രധാന വാദമുഖം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിഷയങ്ങളല്ല പലപ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങൾ എന്നതാണ്. പ്രാദേശിക വിഷയങ്ങൾക്കാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രാമുഖ്യം. ലോക്സഭാ തിരഞ്ഞെടുപ്പിലാകട്ടെ ദേശീയ വിഷയങ്ങൾക്കാണ് കൂടുതൽ പരിഗണന. ഒറ്റ തിരഞ്ഞെടുപ്പ് നടത്തിയാൽ പ്രാദേശിക വിഷയങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കില്ല എന്നാണ് ഇതിനെ എതിർക്കുന്നവർ വാദിക്കുന്നത്. കോവിന്ദ് സമിതി മുമ്പാകെ ഒറ്റ തിരഞ്ഞെടുപ്പ് സംബന്ധിച്ച് 21,558 പ്രതികരണങ്ങൾ ലഭിച്ചതിൽ 80 ശതമാനവും ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നതായിരുന്നു. 47 രാഷ്ട്രീയ പാർട്ടികളിൽ 32 പാർട്ടികളും അനുകൂലിച്ചു. 15 പാർട്ടികൾ മാത്രമാണ് എതിർത്തത്. ഇതിൽ നിന്ന് ഭൂരിപക്ഷം ജനങ്ങളും ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നു എന്നാണ് അനുമാനിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ്. എന്തായാലും ഒറ്റ തിരഞ്ഞെടുപ്പ് സംബന്ധിച്ച സ്വതന്ത്ര ചർച്ചകൾ നടക്കുന്നത് പൊതുവെ രാജ്യനന്മയ്ക്ക് ഉതകുന്ന തീരുമാനമുണ്ടാകാൻ സഹായിക്കും.