തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുതലക്കണ്ണീരൊഴുക്കുന്നത് വോട്ടു തട്ടാനെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. യോഗി ആദിത്യനാഥ് പോലും ചെയ്യാത്ത രീതിയിലാണ് മുഖ്യമന്ത്രി പ്രതിഷേധങ്ങളെ അടിച്ചമർത്തിയത്.
സംയുക്ത പ്രക്ഷോഭം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവായിരുന്ന താനായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയിൽ ഇരുമുന്നണികളും ഐകകണ്ഠമായി പ്രമേയം പാസാക്കിയത്. ഒരേസമയം സി.എ.എയെ എതിർക്കുകയും പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. കോഴിക്കോട്ട് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖുൾപ്പെടെ നിരവധി ആളുകളുടെ പേരിൽ കേസെടുത്തു. മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ കേസുകൾ പിൻവലിക്കണം. ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതിനാണ് കേസുകൾ പിൻവലിക്കാത്തത്. പൗരത്വ ഭേദഗതി നിയമത്തിന്റെ വിഷയത്തിൽ ലീഗിനെ വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നത്.
വിഷയത്തിൽ രാഹുൽഗാന്ധി മിണ്ടിയില്ലെന്ന പരാമർശം മുഖ്യമന്ത്രിയുടെ നിലവാരത്തിനു ചേർന്നതല്ല. ഭാരത് ജോഡോ ന്യായ് യാത്രയിലുടനീളം രാഹുൽഗാന്ധി സി.എ.എയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ മാത്രമാണ് വിമർശനം ഉന്നയിച്ചതെന്നു കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് അത് എന്താണെന്നറിയില്ലെന്നും ചെന്നിത്തല പരിഹസിച്ചു.
രാജീവ് ചന്ദ്രശേഖർ ഇ.പിയുടെ പങ്കാളി
തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരൻ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ബിസിനസ് പങ്കാളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജയരാജൻ ബി.ജെ.പിക്കു വേണ്ടിയാണ് സംസാരിക്കുന്നത്. മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നുള്ള പ്രസ്താവന അതിന്റെ തെളിവാണ്. രാജീവ് ചന്ദ്രശേഖറിന്റെ ജൂപിറ്റൽ കാപിറ്റൽ വെഞ്ച്വേഴ്സ് എന്ന കമ്പനിയുടെ സഹോദര സ്ഥാപനമാണ് നിരാമയ റിട്രീറ്റ്. നിരാമയ റിട്രീറ്റാണ് ഇ.പി. ജയരാജന്റെ വിവാദമായ മൊറാഴയിലെ വൈദേകം ആയൂർവേദ റിസോർട്ട് ഏറ്റെടുത്തത്.
തിരുവനന്തപുരം, ആറ്റിങ്ങൽ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചതാണെന്നാണ് ജയരാജൻ പറയുന്നത്. കെ. സുരേന്ദ്രൻ പോലും ഇങ്ങനെ അവകാശപ്പെടുന്നില്ല. സി.പി.എം വോട്ട് മറിക്കാനുള്ള ശ്രമം ജയരാജൻ നടത്തുന്നുണ്ടോ എന്ന് സംശയമുണ്ട്.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക വന്നതോടെ സി.പി.എം അങ്കലാപ്പിലാണ്. ആലപ്പുഴയിൽ വേണുഗോപാൽ സ്ഥാനാർത്ഥിയായതോടെ സി.പി.എമ്മിന്റെ പോക്കറ്റിലുള്ളതു കൂടി പോകുമെന്നുറപ്പായി. ഇതിൽ വേവലാതി പൂണ്ടാണ് ജയരാജനും പിണറായിയും കോൺഗ്രസിനെതിരെ രംഗത്തു വന്നത്. സംസ്ഥാന കോൺസ്രിൽ നിന്ന് പ്രധാനപ്പെട്ട ആരും ബി.ജെ.പിയിലേക്ക് പോയിട്ടില്ല. പ്രചാരണത്തിൽ എ.കെ. ആന്റണിയടക്കം ആരൊക്കെ പങ്കെടുക്കണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.