
പൂവാർ: കുളത്തൂർ,പൂവാർ,കരുംകുളം,കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സമഗ്ര കുടിവെള്ള പദ്ധതി വേണമെന്ന ആവശ്യം ശക്തം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിലാണ് ടാപ്പിലൂടെ വെള്ളമെത്തുന്നത്. അതും മുടങ്ങാറുണ്ട്.
പൈപ്പ് പൊട്ടൽ വ്യാപകമായതും,പ്ലാന്റിൽ പമ്പിംഗ് നടക്കാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്. ഉത്പാദനം വർദ്ധിപ്പിക്കാതെ ജലജീവൻ മിഷൻ പദ്ധതിപ്രകാരം എല്ലാ വീടുകൾക്കും പൈപ്പ് കണക്ഷൻ നൽകിയതോടെ ക്ഷാമം പതിന്മടങ്ങ് വർദ്ധിച്ചു.
കരുംകുളം ഗ്രാമപഞ്ചായത്തിൽ രണ്ട് പതിറ്റാണ്ടുകൾക്കു മുൻപ് ആരംഭിച്ച കാവുംകുളം കുടിവെള്ള പദ്ധതിക്കായി 5.50 ലക്ഷം ചെലവിട്ടിട്ടും ഫലം കണ്ടില്ല. 2005ൽ ജില്ലാപഞ്ചായത്ത് പുനഃരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമവും വഴിത്തർക്കത്തെ തുടർന്ന് വിഫലമായി. കരുംകുളത്തെ 6 വാർഡുകളിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് ലക്ഷ്യം കാണാതെ പോയത്. കൊച്ചുതുറയിലേയും പൂവാർ പയന്തിയിലേയും പമ്പുഹൗസുകളുടെ പ്രയോജനം ഒരു ചെറിയ പ്രദേശത്തെ 20 ഓളം വീടുകൾക്ക് മാത്രമാണ് ലഭിക്കുന്നത്.
പൂവാർ ബണ്ട് റോഡിലെ തെറ്റിക്കാട് കുടിവെള്ള പദ്ധതിയും നിർജ്ജീവമാണ്. കരിച്ചൽ,ചൊവ്വര,ചപ്പാത്ത്,മൂലക്കര,കൊച്ചുതുറ,പയന്തി തുടങ്ങിയ പമ്പ് ഹൗസുകളിൽ നിന്ന് കിട്ടുന്നത് ശുദ്ധജലമല്ലെന്നും ആക്ഷേപമുണ്ട്. കായൽ,തോട് എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേഷൻ നടത്തി വിടുക മാത്രമാണ് ചെയ്യുന്നത്. പലപ്പോഴും തീരദേശത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുന്നതും കുടിവെള്ളം മലിനമാകുന്നതാണ്.
തടസപ്പെട്ട് പമ്പിംഗ്
കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ അമ്പലത്തുമൂല,അടിമലത്തുറ,ബീച്ച് റോഡ് എന്നിവിടങ്ങളിലേക്ക് ചൊവ്വര,ചപ്പാത്ത്,മൂലക്കര എന്നീ പമ്പ് ഹൗസുകളിൽ നിന്നാണ് വെള്ളമെത്തുന്നത്. ഇവിടെ പമ്പിംഗ് തടസപ്പെടുന്നതാണ് പ്രധാന പ്രശ്നം. കരുംകുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കരിച്ചലിൽ പമ്പ് ഹൗസിൽ നിന്നാണ് കരുംകുളം പൂവാർ ഗ്രാമപഞ്ചാത്തുകളിലെ തീരമേഖലയിൽ പ്രധാനമായും കുടിവെള്ളമെത്തുന്നത്.
ചെളിവെള്ളം
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമെത്തുന്ന കരിച്ചലിലെ വെള്ളം പലപ്പോഴും ചെളിവെള്ളമാകാറുണ്ടെന്നും ആക്ഷേപമുണ്ട്. ഇവിടെയാകട്ടെ ഒരു പമ്പ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 6 മോട്ടോറുകൾ നിർജ്ജീവമാണ്. അവ മെയിന്റനൻസ് ചെയ്ത് പ്രവർത്തിപ്പിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല.
ഫലം കാണാതെ
തീരദേശത്തിനെന്ന പ്രഖ്യാപനത്തോടെ 15.92 കോടി മുടക്കി തിരുപുറത്ത് ആരംഭിച്ച കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ വെള്ളം കരുംകുളം പൂവാർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ മാത്രമാണ് എത്തുന്നത്. അതും ആഴ്ചയിൽ 3 ദിവസം മാത്രം. ആദ്യഘട്ടത്തിൽ കുമിളിയിലെ വെള്ളം പരണിയത്തെയും പൂവാറിലെയും ടാങ്കുകളിലെത്തിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. വെള്ളം പമ്പിംഗ് തുടങ്ങിയപ്പോൾത്തന്നെ അവിടവിടെ പൈപ്പുകൾ പൊട്ടാൻ തുടങ്ങി. കാലപ്പഴക്കമേറിയതും വലിപ്പം കുറവുള്ളതുമായ പൈപ്പുകൾ മാറ്റാത്തതായിരുന്നു കാരണം.