
മലയാളത്തിന്റെ പ്രണയ സങ്കല്പങ്ങളിൽ സ്വപ്നമേഘംകൊണ്ട് കളഭം തൊട്ട ശ്രീകുമാരൻ തമ്പി ഗാനരചയിതാവും സംവിധായകനായും തിരക്കഥാകൃത്തായും നിർമ്മാതാവായും സിനിമയിൽ നിറഞ്ഞൊഴുകിയത് അമ്പത് ദീർഘവർഷങ്ങളാണ്. എൺപത്തിനാലിലും വിശ്രമിക്കാത്ത തമ്പിസാറിൽ നിന്ന് ഇനിയും അദ്ഭുതങ്ങൾ പ്രതീക്ഷിക്കണം
പുലർച്ചെ മൂന്നാകും ശ്രീകുമാരൻ തമ്പി ഉറക്കത്തിലേക്കു ചായാൻ. അതുവരെ വായന, എഴുത്ത്, സിനിമ.... എഴുന്നേൽക്കാൻ വൈകും. പിന്നെ വീടിന്റെ രണ്ടാം നിലയിലേക്കുള്ള പടിക്കെട്ടുകൾ പലവട്ടം കയറിയിറങ്ങും. അതാണ് വ്യായാമം. മുമ്പൊക്കെ യോഗ ചെയ്തിരുന്നു. ഇപ്പോൾ വയ്യ. കുളി കഴിഞ്ഞാൽ ഗുരുവായൂരിലെ കളഭംകൊണ്ട് നെറ്റിയിൽ കുറി വരയ്ക്കും. അന്നത്തെ വാഗ്ദാനങ്ങൾക്ക് അനുസരിച്ചാണ് പകൽനേരത്തെ എഴുത്തും ചർച്ചയുമൊക്കെ. ചിലപ്പോൾ പുറത്തെ പരിപാടികൾക്കു പോകും.
ഇത് എൺപത്തിനാലു വയസിന്റെ നിറവിൽ ശതാഭിഷിക്തനാകുന്ന ശ്രീകുമാരൻ തമ്പി എപ്പോഴും ഉഷാറാണ്. പറയേണ്ടത് പറഞ്ഞിരിക്കും. ചെയ്യേണ്ടത് ചെയ്തിരിക്കും. ഇരുപതാം വയസ്സിൽ ആദ്യ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയ ശ്രീകുമാരൻതമ്പി എൻജിനിയറിംഗ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിക്കുകയും, അധികം വൈകാതെ ഉദ്യോഗം രാജിവച്ച് പൂർണ്ണമായും കലാസാഹിത്യ രംഗത്ത് മുഴുകുകയും ചെയ്തത് മലയാളത്തിന്റെ മഹാഭാഗ്യമാണെന്ന് കാലം തെളിയിച്ചു. കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, സംഗീതസംവിധായകൻ, നോവലിസ്റ്റ് എന്നിങ്ങനെ പടർന്ന ആ മഹാപ്രതിഭയെ ഗാനരചയിതാവായി ഇഷ്ടപ്പെടാനാകും മലയാളിക്കു പ്രിയം. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിൽ, മലയാളിയുടെ പ്രണയസങ്കല്പങ്ങൾക്കു മേൽ വശ്യസുന്ദരമായ വരികളുടെ നിറവും നൽകിയ അക്ഷര ഗന്ധർവനായിരുന്നു ശ്രീകുമാരൻ തമ്പി.
278 സിനിമകൾക്ക് ശ്രീകുമാരൻ തമ്പി പാട്ടെഴുതി. 85 സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. 30 സിനിമക( സംവിധാനം ചെയ്തു. 26 സിനിമകൾ നിർമ്മിക്കുകയും ചെയ്തു. ഇനിയും ഈ മഹാപ്രതിഭയിൽ നിന്ന് ലോകം അത്ഭുതം പ്രതീക്ഷിക്കണം. ഒരു ഇംഗ്ളീഷ് സിനിമയുടെ രചനയിലാണ് അദ്ദേഹം. ''ഇന്റർനാഷണൽ സബ്ജക്ടാണ്. അതുകൊണ്ടാണ് ഇംഗ്ളീഷിലാക്കുന്നത്. ഞാൻ തന്നെ സംവിധാനം ചെയ്യും. അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു.'' അദ്ദേഹം പറഞ്ഞു.
ഈ സിനിമ എന്റെ സ്വപ്നമാണ് എന്നൊന്നും പറയുന്നില്ല. നാളെ ഇതൊക്കെ വെറുതെയായി, സിനിമ നടക്കാതിരുന്നാൽ ഞാൻ നിരാശപ്പെടുകയുമില്ല- അതാണ് തമ്പി സാർ. അദ്ദേഹം സൃഷ്ടിച്ച നിത്യഹരിത ഗാനങ്ങളിൽ ഒന്നെങ്കിലും മൂളാത്ത മലയാളിയുണ്ടാവില്ല. പാട്ടുകൾക്ക് സിനിമയിൽ മറ്റെന്തിനേക്കാൾ പ്രാധാന്യമുണ്ടായിരുന്ന കാലങ്ങളിൽ അതിമനോഹരമായ തന്റെ രചനകൾ കൊണ്ട് വസന്തം തീർത്ത സർഗധനൻ.
അതികായരായ വയലാറും ഭാസ്‌കരൻ മാഷുമൊക്കെ മലയാള ചലച്ചിത്ര ഗാനരംഗം നിറഞ്ഞു നിൽക്കുമ്പോഴാണ് 1966- ൽ കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെ ശ്രീകുമാരൻതമ്പി വരുന്നത്. ബാബുരാജിന്റെ സംഗീത സംവിധാനത്തിൽ കാട്ടുമല്ലികയിലെ പത്തു ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്. തൊട്ടടുത്ത വർഷം ഇറങ്ങിയ ചിത്രമേള എന്ന ചിത്രത്തിന്റെ ഗാനരചനയ്ക്കു പുറമെ അതിന്റെ കഥയും സംഭാഷണവും ശ്രീകുമാരൻ തമ്പിയുടേതായിരുന്നു. ദേവരാജ സംഗീതത്തിൽ യേശുദാസ് പാടി അനശ്വരമാക്കിയ 'നീയെവിടെ.... നിൻ നിഴലെവിടെ' എന്ന ഗാനം ശ്രോതാക്കളുടെ ഹൃദയം കവർന്നു.
അതേവർഷം എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത പാടുന്ന പുഴ എന്ന ചിത്രം പുറത്തിറങ്ങിയതോടെ വയലാറിനും ഭാസ്‌കരൻ മാഷിനുമൊപ്പം ശ്രീകുമാരൻ തമ്പി എന്ന പേരും സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കപ്പെട്ടു.
പാടുന്ന പുഴയിലെ 'ഹൃദയസരസ്സിലെ പ്രണയപുഷ്പമേ' എന്ന പ്രണയഗാനം മലയാളത്തിന്റെ ഹൃദയം കവർന്നു. പിന്നീടിങ്ങോട്ട്, എം.എസ്. വിശ്വനാഥനും ദേവരാജൻ മാഷും ബാബുക്കയും സലിൽദായും ദക്ഷിണാമൂർത്തി സ്വാമിയും രാഘവൻ മാഷും പുകഴേന്തിയും വിദ്യാധരൻ മാഷും അർജ്ജുനൻ മാഷും രവീന്ദ്രൻ മാഷും ഇളയരാജയുമൊക്കെ ഈണം പകർന്ന, പകരം വയ്ക്കാനില്ലാത്ത ഗാനകല്പനകൾ. ഏറ്റവും മികച്ചത് ഏതെന്ന് കണ്ടെക്കാനാകാത്ത വിധം ഓരോന്നും സുന്ദരം. വരികളിലെ പ്രണയകല്പനകൾക്ക് താരതമ്യമില്ല. ലളിത മനോഹരങ്ങളായ വരികൾ.
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ, ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു, കസ്തൂരി മണക്കുല്ലോ കാറ്റേ.... എന്നൊക്കെയുള്ള വരികൾ ആരുടെ ഹൃദയത്തെയാണ് പ്രണയതരളിതമാക്കാത്തത്! മംഗളം നേരുന്നു ഞാൻ; മനസ്വിനീ...' എന്ന ഒറ്റപ്പാട്ട് എത്ര കാമുകമാനസർ എത്ര പതിറ്റാണ്ടുകൾ പാടി നടന്നു. കണ്ണീരിന്റെ നനവുമായി വയലിനിൽ വരഞ്ഞു വീഴുന്ന നീളൻ ബിറ്റിനെ അനുധാവനം ചെയ്താണ് യേശുദാസിന്റെ ആ പതിഞ്ഞ സ്വരം. ഏറെ വൈകാരിക മുഹൂർത്തങ്ങളെ അണിയിച്ചൊരുക്കിയ 'ഹൃദയം ഒരു ക്ഷേത്രം' എന്ന സിനിമയ്ക്കായി 1976- ൽ കുറിക്കപ്പെട്ടതായിരുന്നു ആ വരികൾ. അവൾ ചിരിച്ചാൽ മുത്ത് ചിതറുമെന്നും, ആ മുത്ത് നക്ഷത്രമാകുമെന്നും കണ്ടെത്തിയ കവി ഹൃദയേശ്വരിയുടെ നെടുവീർപ്പിൽപ്പോലും മധുരസംഗീതമാണ് കേട്ടത്.
അഞ്ചു വർഷം മുമ്പ്, മഴയുള്ള ഒരു സായാഹ്നം. വേൾഡ് കപ്പ് ക്രിക്കറ്റ് മത്സരം നടക്കുകയാണ്. ഇന്ത്യ- ഓസ്ട്രേലിയ മാച്ച്. ടാഗോർ തിയേറ്ററിൽ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ഉദ്ഘാടനത്തീയതി നിശ്ചയിച്ചിരുന്നത് ആ ദിവസം തന്നെയായത് മണ്ടത്തരമായോ എന്ന് സംഘാടകർ ചിന്തിച്ചു തുടങ്ങി. വലിയൊരു മഴ കൂടി പെയ്തിറങ്ങി. പിന്നെ പല വഴികളിൽ നിന്ന് വാഹനങ്ങളിലും കാൽനടയായും ജനം ടാഗോറിലേക്ക്. പെട്ടെന്നുതന്നെ ടാഗോർ തിയേറ്റർ നിറഞ്ഞു കവിഞ്ഞു. മലയാളം തമ്പി സാറിനെ എത്രമേൽ സ്നേഹിക്കുന്നു എന്നതിനു തെളിവായിരുന്ന അത്. ആയിരം പൂർണചന്ദ്രന്മാരുടെ നിലാവാസ്വദിച്ച്, ഹൃദയഗീതങ്ങളുടെ പ്രിയകവി ഇപ്പോഴും സ്വപ്നങ്ങളിൽ നിറയുന്നു.