
തിരുവനന്തപുരം: വർക്കിംഗ് അറേഞ്ച്മെന്റിലൂടെയും മ്യൂച്വൽ ട്രാൻസ്‌ഫറിലൂടെയും ഇഷ്ട ലാവണങ്ങൾ ഒപ്പിച്ച് ആരോഗ്യവകുപ്പിൽ പൊതുസ്ഥലം മാറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ ചില ഡോക്ടർമാരുടെ നീക്കം. രാഷ്ട്രീയ, സംഘടനാ സ്വാധീനമടക്കം ഉപയോഗിച്ചാണിത്.
ഇതുമൂലം സ്വാധീനമില്ലാത്ത ഡോക്ടർമാരുടെ ന്യായമായ അപേക്ഷകൾപോലും പരിഗണിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്കൂൾ തുറക്കുന്നതിന് മുമ്പ് പൊതുസ്ഥലം മാറ്റം പൂർത്തിയാക്കണമെന്നാണ് ചട്ടം. ഇക്കുറി തിരഞ്ഞെടുപ്പായതിനാൽ വൈകും. അതിനുമുമ്പ് പിടിപാടുള്ളവർ സുരക്ഷിത സ്ഥാനങ്ങൾ ഉറപ്പിക്കുകയാണ്.
ഒരു ജില്ലയിൽ മൂന്നുവർഷം പൂർത്തിയായ ഡോക്ടർമാരെയാണ് മാറ്റുന്നത്. കഴിഞ്ഞ തവണ മാറ്റിയ ചിലർ സ്വാധീനമുപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തം ജില്ലകളിൽ തിരിച്ചെത്തി. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് മാറ്റിയ ഓർത്തോപീഡിക് ജൂനിയർ കൺസൾട്ടന്റിനെ ദിവസങ്ങൾക്കുള്ളിൽ മൂന്നു മാസത്തെ വർക്കിംഗ് അറേഞ്ച്മെന്റിൽ തിരികെ എത്തിച്ചു. കഴിഞ്ഞമാസം അസാധാരണമായ ഉത്തരവിലൂടെ വർക്കിംഗ് അറേഞ്ച്മെന്റ് നീട്ടി. ഇതോടെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം കിട്ടുന്നതു വരെ അദ്ദേഹത്തിന് വർക്കിംഗ് അറേഞ്ച്മെന്റിൽ തുടരാം.
അസുഖം, പ്രായമായ മാതാപിതാക്കൾ, മക്കളുടെ ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ രേഖാമൂലം കാട്ടി സ്വന്തം ജില്ലയിൽ തുടരാൻ അനുമതി തേടിയ പലരുടേയും അപേക്ഷ അവഗണിക്കുമ്പോഴാണിത്.
കണ്ണിൽ പൊടിയിട്ട്
മ്യൂച്വൽ ട്രാൻസ്‌ഫർ
പൊതുസ്ഥലംമാറ്റത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒത്തുകളിയാണ് മ്യൂച്വൽ ട്രാൻസ്‌ഫർ (പരസ്പര ധാരണയോടെ അങ്ങോട്ടുമിങ്ങോട്ടും മാറുക). ഒരേജില്ലയിൽ സമാന തസ്തികയിലുള്ള രണ്ടു ഡോക്ടർമാർ ഉന്നത സ്വാധീനം ഉപയോഗിച്ച് മ്യൂച്വൽ ട്രാൻസ്‌ഫർ വാങ്ങും. ഇതോടെ പുതിയ സ്ഥലത്ത് ജോയിൻ ചെയ്തതായി സ്‌പാർക്കിൽ ഉൾപ്പെടെ രേഖപ്പെടുത്തും. അങ്ങനെ വീണ്ടും മൂന്നുവർഷം അതേ ജില്ലയിൽ തുടരാം.