
വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ കായിക്കര ആശാൻ മെമ്മോറിയൽ ഗവൺമെന്റ് സ്കൂളിൽ സംഘടിപ്പിച്ച 'വാത്സല്യം" ശ്രദ്ധേയമായി. എൻ.എസ്.എസിന്റെ ദേശീയ പരിശീലകനും പ്രമുഖ മോട്ടിവേഷണൽ ട്രെയിനറുമായ ബ്രഹ്മനായകം മഹാദേവനുമൊത്തുള്ള സംവാദമായിരുന്നു സംഘടിപ്പിച്ചത്.
കളികൾ,പാട്ടുകൾ,കഥകൾ,നൃത്തച്ചുവടുകൾ എന്നിവയിലൂടെ കുട്ടികളിലുണ്ടാകേണ്ട അടിസ്ഥാന മൂല്യങ്ങളും അറിവുകളും പകരുന്നതായിരുന്നു പരിപാടി. എൻ.എസ്.എസ് യൂണിറ്റുകൾ എസ്.എൻ ട്രസ്റ്റ് മാനേജ്മെന്റിന്റെയും പൂർവ വിദ്യാർത്ഥി സംഘടനയുടെയും സഹകരണത്തോടെ നടത്തുന്ന പരിപാടികളിലൊന്നാണിത്.
എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി എസ്.ആർ.എം ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാദ്ധ്യാപിക വി.ജെ.അനുപമ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറിയും പി.ടി.എ വൈസ് പ്രസിഡന്റുമായ ജി.ശിവകുമാർ,പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ് എന്നിവർ സംസാരിച്ചു. എസ്.അനിതകുമാരി സ്വാഗതവും എസ്.ലിസി നന്ദിയും പറഞ്ഞു. വോളന്റിയർമാരായ അതുൽ,അഭിജിത്ത്,റിച്ചുസായി,അനന്തുകൃഷ്ണ,പൂജ,ആൻഷൈൻ, ആദിത്യൻ,ഹരിചന്ദ് എന്നിവർ നേതൃത്വം നൽകി.