national-health-mission

തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ ഹെൽത്ത് മിഷനിലെ (എൻ.എച്ച്.എം) ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫുവരെയുള്ള 15,000 ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടരമാസം. കേന്ദ്ര നിർദ്ദേശപ്രകാരമുള്ള ബ്രാൻഡിംഗ് ആരോഗ്യ കേന്ദ്രങ്ങളിൽ നടപ്പാക്കാത്തതിനാൽ ഈ സാമ്പത്തിക വർഷത്തെ വിഹിതം തടഞ്ഞതാണ് കാരണം. സബ് സെന്ററുകളുടെ പേര് ആയുഷ്മാൻ ഭാരത് ആരോഗ്യ മന്ദിർ എന്നാക്കണം എന്നതുൾപ്പെടെ ബ്രാൻഡിംഗ് നടത്തണമെന്നാണ് കേന്ദ്ര നിർദ്ദേശം.

ഡിസംബർവരെ സംസ്ഥാന സർക്കാർ വിഹിതത്തിൽ നിന്ന് ശമ്പളം നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം തുടർന്ന് നൽകാനായില്ല. ബ്രാൻഡിംഗ് നടത്തണമെങ്കിൽ 50 കോടിയെങ്കിലും വേണം. നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാൽ ബ്രാൻഡിംഗ് പൂർത്തിയാക്കാതെ വിഹിതം അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.

നടപ്പ് സാമ്പത്തിക വർഷം നാല് ഗഡുക്കളായി 826 കോടിയാണ് കേന്ദ്ര വിഹിതം ലഭിക്കേണ്ടിയിരുന്നത്. ഇത് അനുവദിക്കുന്ന മുറയ്ക്ക് 500 കോടി സംസ്ഥാനവും നൽകണം. എന്നാൽ ഒരു ഗഡുപോലും കേന്ദ്രം അനുവദിച്ചിട്ടില്ല.

ബ്രാൻഡിംഗിന് ചെയ്യേണ്ടത്

സംസ്ഥാനത്തെ 5000 സബ് സെന്ററുകളിൽ മഞ്ഞ പെയിന്റടിക്കണം, പേര് ആയുഷ്മാൻ ഭാരത് ആരോഗ്യ മന്ദിർ എന്നാക്കണം, സെന്ററുകളുടെ മുൻവശത്ത് കേന്ദ്ര സർക്കാരിന്റെ ആറ് ലോഗോ നിഷ്കർഷിക്കുന്ന വലിപ്പത്തിൽ പ്രദർശിപ്പിക്കണം. ഇതിൽ ആറ് ലോഗോ പ്രദർശിപ്പിച്ചെങ്കിലും വലിപ്പം കുറഞ്ഞെന്നാണ് ആക്ഷേപം.

''ബ്രാൻഡിംഗ് വിഷയത്തിൽ കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ട്.കുടിശിക അനുവദിക്കുമെന്നാണ് പ്രതീക്ഷ

-എ.പി.എം. മുഹമ്മദ് ഹനീഷ്,

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

''ജീവനക്കാരുടെ കുടുംബം കടുത്ത പ്രതിസന്ധിയിലാണ്. അടിയന്തര നടപടി വേണം

- ടി.എൻ.പ്രശാന്ത്‌,

വൈസ് പ്രസിഡന്റ്,

എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ