തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ ഒഴിവുകൾ പൂഴ്‌ത്തിവച്ചിരിക്കുകയാണെന്ന് സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സമരം 32 ദിവസം പിന്നിട്ടു.

മറ്റ് വിഭാഗങ്ങൾക്ക് റിപ്പോർട്ട് ചെയ്‌ത ഒഴിവുകളും ചേർത്ത് സർക്കാർ കണക്കുകൾ പെരുപ്പിക്കുകയാണ്. പുരുഷ,വനിതാ വിഭാഗങ്ങൾ,പട്ടികജാതി-പട്ടികവർഗവിഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് 5635 ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തത്. ഇതാണ് സമരം ചെയ്യുന്ന 530\2019 കാറ്റഗറിയിൽപ്പെട്ട സി.പി.ഒ റാങ്ക് പട്ടികയ്‌ക്ക് നൽകിയെന്ന് സർക്കാർ അനുകൂലികൾ പ്രചരിപ്പിക്കുന്നത്. 13975 പേർ ഉൾപ്പെട്ട ഏഴ് ബെറ്റാലിയനുകളിലെ റാങ്ക് പട്ടികയിൽ നിന്ന് 3326 പേർക്കേ നിയമനം ലഭിച്ചിട്ടുള്ളൂ. ഒഴിവിന് ആനുപാതികമായി സംവരണതത്വങ്ങൾ പാലിച്ച് ലിസ്റ്റ് തയ്യാറാക്കുമെന്നായിരുന്നു 2021ൽ എച്ച്.സലാം എം.എൽ.എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

രണ്ടുഘട്ട പരീക്ഷാ സമ്പ്രദായം നടപ്പാക്കുന്നതോടെ റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവർക്കും നിയമനം ലഭിക്കുമെന്ന് മുൻ പി.എസ്.സി ചെയർമാൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. രണ്ട് പരീക്ഷയ്‌ക്ക് ശേഷം കായികക്ഷമതാ പരീക്ഷയ്ക്കുള്ള ലിസ്റ്റ് തയ്യാറാക്കിയപ്പോൾ പി.എസ്.സി ആഭ്യന്തരവകുപ്പുമായി കൂടിയാലോചിച്ചിരുന്നു. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട പ്രകാരം പട്ടിക തയ്യാറാക്കിയെന്നാണ് പി.എസ്.സി വ്യക്തമാക്കിയത്. പരമാവധി പേർക്ക് നിയമനം നൽകാനായിരുന്നു തീരുമാനമെന്നും സാമ്പത്തിക പ്രതിസന്ധിയാണ് തടസമായതെന്നുമാണ് വകുപ്പിന്റെ വിശദീകരണമെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.