rail

തിരുവനന്തപുരം: മദ്ധ്യകേരളത്തിന്റെ വികസനത്തിന് ഉതകുന്ന നിർദ്ദിഷ്ട അങ്കമാലി-എരുമേലി ശബരിപാത വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോടാവശ്യപ്പെടും. തുറമുഖങ്ങളിലേക്ക് റെയിൽ കണക്ടിവിറ്റിയൊരുക്കാനുള്ള റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. തുടർനടപടികൾക്കായി കെ-റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. വിഴിഞ്ഞത്തേക്ക് നീട്ടിയാൽ അങ്കമാലി - മൂവാറ്റുപുഴ- എരുമേലി- പുനലൂർ- നെടുമങ്ങാട് - വിഴിഞ്ഞം ഗ്രീൻഫീൽഡ് റെയിൽ ചരക്ക് ഇടനാഴി നിർമ്മിക്കാനാവും. തിരുവനന്തപുരത്തേക്കുള്ള സമാന്തര റെയിൽപാതയുമാവും.ശബരി റെയിൽവേ ആക്ഷൻ കൗൺസിലിന്റെ ആവശ്യം പരിഗണിച്ചാണിത്.

അങ്കമാലി- എരുമേലി പാത റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം വഴി വിഴിഞ്ഞം തുറമുഖത്തേക്കാണ് നീട്ടേണ്ടത്. വിഴിഞ്ഞം തുറമുഖത്തേക്ക് ബാലരാമപുരം സ്റ്റേഷനിൽനിന്ന് ബ്രോഡ്‌ഗേജ് പാത നിർമ്മിക്കുന്നുണ്ട്.നിലവിലെ റെയിൽപാതയിലൂടെയാണ് മറ്റ് നഗരങ്ങളിലേക്കുള്ള കണക്ടിവിറ്റി. ഈ പാതയിലെ തിരക്കും തടസവും ഒഴിവാക്കാനാണ് സമാന്തര പാത ആവശ്യപ്പെടുന്നത്.

25 പുതിയ സ്റ്റേഷനുകൾ

ശബരിപാത യാഥാർത്ഥ്യമായാൽ 25പുതിയ റെയിൽവേ സ്റ്റേഷനുകളുണ്ടാവും.

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഗതാഗതസൗകര്യമേറും.

അങ്കമാലി - തിരുവനന്തപുരം എം സി റോഡിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം

ഫർണിച്ചർ, അരി, പ്ലൈവുഡ്, റബർ, സുഗന്ധവ്യജ്ഞന, പൈനാപ്പിൾ വ്യവസായങ്ങൾക്ക് മെച്ചം

പുനലൂരിൽ വച്ച് കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിച്ചാൽ തമിഴ്നാട്ടിലേക്കും കണക്ടിവിറ്റി

റെയിൽസാഗർ

തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപാത പദ്ധതി കഴിഞ്ഞ കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ്. റെയിൽ-സാഗർ കോറിഡോറിൽ 2100 കിലോമീറ്റർ ട്രാക്ക് നിർമ്മിക്കാനാണ് പദ്ധതി. ശബരി പാതയെ ഇതിന്റെ ഭാഗമാക്കിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാദ്ധ്യത കുറയാൻ സാദ്ധ്യതയുണ്ട്.നിലവിലെ പാതയുടെ ചെലവായ 3800.93കോടിയുടെ പകുതി 1900.47 കോടി സംസ്ഥാനം നൽകണമെന്ന റെയിൽവേയുടെ ആവശ്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.