തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിൽ മികച്ച പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ മന്ത്രി പി.രാജീവ് വിതരണം ചെയ്തു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, മലപ്പുറം കോ- ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ്, കേരള സിറാമിക്സ് ലിമിറ്റഡ്, കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയാണ് മികച്ച സ്ഥാപനങ്ങൾ. അഞ്ചുലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ട്രാവൻകൂർ കൊച്ചിൻ ലിമിറ്റഡ് എം.ഡി കെ.ഹരികുമാർ, കേരള സിറാമിക്സ് ലിമിറ്റഡ് എം.ഡി പി.സതീശ് കുമാർ എന്നിവർക്കാണ് മികച്ച മാനേജിംഗ് ഡയറക്ടർക്കുള്ള പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മാദ്ധ്യമ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പോൾ ആന്റണി ചെയർമാനായും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ബി.പി.സി.എൽ മുൻ എക്സിക്യുട്ടീവ് ഡയറക്ടർ നന്ദകുമാർ.ഇ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ഹരികിഷോർ, ജിഗീഷ്.എ.എം, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് മാദ്ധ്യമ അവാർഡുകൾ നിർണ്ണയിച്ചത്.