
തിരുവനന്തപുരം:മലയാളികളുടെ മനസിൽ കവിത തുളുമ്പുന്ന ചലച്ചിത്ര ഗാനങ്ങൾ നിറച്ച കവി ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 84. ആയിരം പൂർണ ചന്ദ്രന്മാരുടെ ശോഭയിൽ ശതാഭിഷിക്തനാവുന്ന അദ്ദേഹം ഇന്ന് ശ്രീചിത്ര പൂവർ ഹോമിലെ അന്തേവാസികൾക്കും ആരാധകർക്കുമൊപ്പം പിറന്നാൾ സദ്യ ഉണ്ണും.
രോഹിണിയാണ് ശ്രീകുമാരൻ തമ്പിയുടെ ജന്മനക്ഷത്രം. അതും ഇന്നാണ്. പതിവു മാറ്റി രാവിലെ ക്ഷേത്ര ദർശനത്തിനു ശേഷമാകും ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിന് എത്തുക.
കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ആണ് ശ്രീകുമാരൻ തമ്പി ജനിച്ചത്. കുട്ടിക്കാലം മുതൽ കഥകളും കവിതകളും എഴുതിയിരുന്നു.1966ൽ 'കാട്ടുമല്ലിക' എന്ന സിനിമയിലൂടെയാണ് ഗാനരചനയിലേക്കു കടന്നത്. പിന്നീട് ആ തൂലികത്തുമ്പിൽ പിറന്നതെല്ലാം ഹിറ്റുകൾ. മൂവായിരത്തിലധികം മലയാള ചലച്ചിത്രഗാനങ്ങൾ. 1967ൽ 'ചിത്രമേള'യിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതോടെ ചലച്ചിത്ര രംഗത്ത് തന്റേതായ ഇടം കണ്ടെത്തി. തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലും തിളങ്ങി. അദ്ദേഹം സംവിധാനം ചെയ്‌ത 'മോഹിനിയാട്ടം' ( 1976 ) മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ സിനിമയായി കണക്കാക്കപ്പെടുന്നു.
കവിതകൾക്കും സിനിമാ ഗാനങ്ങൾക്കും പുറമേ നാടകഗാനങ്ങൾ, ലളിതഗാനങ്ങൾ, ഉത്സവഗാനങ്ങൾ തുടങ്ങിയവയിലും ശ്രീകുമാരൻ തമ്പി വ്യക്തിമുദ്ര ചാർത്തി. എൻജിനീയറുടെ വീണ, നീലത്താമര, എൻ മകൻ കരയുമ്പോൾ, ശീർഷകമില്ലാത്ത കവിതകൾ തുടങ്ങിയവയാണ് കവിതാ സമാഹാരങ്ങൾ. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ജെ സി.ഡാനിയേൽ പുരസ്‌കാരം, വയലാർ അവാർഡ്, തകഴി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചു.