തിരുവനന്തപുരം: കനത്ത വേനൽച്ചൂടും, റോഡ് നിറയെ കുണ്ടും കുഴിയും പൊടിയും...തലസ്ഥാന നഗരത്തിലൂടെ യാത്ര ചെയ്യുന്നവർ നരകയാതന അനുഭവിക്കുകയാണ്.വെയിലിൽ നിന്ന് രക്ഷനേടാൻ ഇടറോഡുകൾ കയറിയാൽ അത് ചെന്നെത്തുന്നത് റോഡ് പണിക്ക് വേണ്ടി അടച്ചിടത്താകും.ഇരുചക്ര വാഹനയാത്രികരടക്കം ദുരിതത്തിലാണ്.
ഈ മാസം അവസാനത്തോടെ റോഡുകളെല്ലാം മുഖം മിനുക്കി വിദേശരാജ്യങ്ങൾക്ക് സമാനമാകുമെന്ന അധികൃതരുടെ വാക്കുകളാണ് ഏകാശ്വാസം.പണി നടക്കുന്ന റോഡുകൾക്ക് ഇരുവശങ്ങളിലെയും കച്ചവടങ്ങളും നിലച്ചു.
ആൽത്തറ – തൈക്കാട് റോഡ്, ജനറൽ ആശുപത്രി ജംഗ്ഷൻ - വഞ്ചിയൂർ റോഡ്, ഓവർബ്രിഡ്‌ജ് – ഉപ്പിടാംമൂട് റോഡ്, ചെന്തിട്ട – അട്ടക്കുളങ്ങര റോഡ്,സ്റ്റാച്യു – ജനറൽ ആശുപത്രി റോഡ്,നോർക്ക – ഗാന്ധിഭവൻ റോഡ്, സ്‌പെൻസർ – ഗ്യാസ് ഹൗസ് ജംഗ്ഷൻ റോഡ് (യൂണിവേഴ്സിറ്റി കോളേജിന് പിൻവശം),അയ്യങ്കാളി ഹാൾ – ഫ്ലൈ ഓവർ റോഡ് എന്നിങ്ങനെ നീളുകയാണ് നഗരത്തിൽ സ്മാർട്ട് സിറ്റിയുടെ ഭാഗമായി നിർമ്മാണം പുരോഗമിക്കുന്ന റോഡുകൾ.ഓടയുടെയും മാൻഹോളിന്റെയും നിർമ്മാണമാണ് പ്രധാനമായും നടക്കുന്നത്.
പണി പാതിവഴിയിൽ, എന്ന് തീരും ?
ചെന്തിട്ട അട്ടക്കുളങ്ങര റോഡിൽ കോൺക്രീറ്റ് പുരോഗമിക്കുകയാണ്. സമാന്തരമായി ഒരുവശത്ത് ഓടയുടെ നിർമ്മാണവും നടക്കുന്നു.ഓടയുടെയും മാൻഹോളിന്റേയും നിർമ്മാണം പൂർത്തിയായാലേ കേബിളുകൾ ഭൂമിക്കടിയിലാക്കാനുള്ള ഡക്ടുകളുടെ നിർമ്മാണം ആരംഭിക്കൂ. ഇതിനുശേഷമേ നടപ്പാത നിർമ്മാണവും ടാറിംഗും നടക്കൂ.
സ്റ്റാച്യു ജനറൽ ആശുപത്രി റോഡിൽ മാൻഹോളുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായി. ഡക്ടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.ഓടകളുടെ നിർമ്മാണം പാതിവഴിയിലും.
തൈക്കാട് റസ്റ്റ് ഹൗസ് - കീഴെ തമ്പാനൂർ റോഡിൽ പകുതിയോളം ഭാഗത്ത് ഡക്ടുകളുടെ നിർമ്മാണം പൂർത്തിയായി.ബാക്കി പകുതി ഭാഗത്ത് ഓടകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.നോർക്ക ഗാന്ധിഭവൻ റോഡിൽ മെറ്റൽ നിരത്തുന്ന പണികളാണ് നടക്കുന്നത്.
അയ്യങ്കാളി ഹാൾ ഫ്ലൈഓവർ റോഡിൽ ഡക്ടുകളുടെ നിർമ്മാണം പൂർത്തിയായി.ഒന്നാംഘട്ട ടാറിംഗ് കഴിഞ്ഞു.നടപ്പാത നിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ അവശേഷിക്കുന്നുണ്ട്. സ്‌പെൻസർ ഗ്യാസ് ഹൗസ് ജംഗ്ഷൻ റോഡിൽ
ആദ്യഘട്ടമായി റോഡ് നിരപ്പാക്കുന്ന ജോലികളാണ് നടക്കുന്നത്.
ഓവർബ്രിഡ്ജ് കളക്ടറേറ്റ് ഉപ്പിടാംമൂട് റോഡിൽ ഓവർബ്രിഡ്ജ് മുതൽ എസ്.എൽ തിയേറ്റർ ജംഗ്ഷൻ വരെ ഡക്ടുകളുടെ നിർമ്മാണമാണ് നടക്കുന്നത്. ബാക്കിഭാഗത്ത് ഓടയുടെ നിർമ്മാണവും പുരോഗമിക്കുന്നു.
ജനറൽ ആശുപത്രി ജംഗ്ഷൻ വഞ്ചിയൂർ റോഡിൽ പകുതി ഭാഗത്ത് ഡക്ടുകളുടെ നിർമ്മാണം നടക്കുന്നു.ആൽത്തറ തൈക്കാട് റോഡിന്റെ ഒരു വശത്ത് മാൻഹോളുകളുടെ നിർമ്മാണം പൂർത്തിയാകുന്നു.