
 31നകം പൂർത്തിയാക്കിയില്ലെങ്കിൽ കേന്ദ്രവിഹിതം കിട്ടില്ല
 6 മാസം മുമ്പ് നിർദ്ദേശിച്ചു, തുടങ്ങിയത് ഈ മാസം
തിരുവനന്തപുരം: റേഷൻ വിതരണം നിറുത്തിവച്ച് മുൻഗണനാ കാർഡുകൾക്ക് മസ്റ്ററിംഗ് നടത്താനുള്ള ശ്രമവും സെർവർ പണിമുടക്കിയതോടെ പരാജയപ്പെട്ടു. സ്ത്രീകളും വൃദ്ധരുമുൾപ്പെടെ ആയിരങ്ങൾ മണിക്കൂറുകൾ കാത്തു നിന്ന് നിരാശരായി മടങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയായില്ലെങ്കിൽ ഏപ്രിലിലെ റേഷൻ വിഹിതം കേന്ദ്രം തടയും. തിരഞ്ഞെടുപ്പിനിടെ സർക്കാർ പ്രതിരോധത്തിലുമാവും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റേഷൻ വിതരണം നിറുത്തിവച്ച് മഞ്ഞ, പിങ്കുകാർഡുകാർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. എന്നാലിത് നടക്കില്ലെന്ന് ഏറക്കുറെ ഉറപ്പായി. സംസ്ഥാന ഐ.ടി മിഷന്റെ സെർവറാണ് ഇന്നലെ വില്ലനായത്.
ആറ് മാസം മുമ്പാണ് കേന്ദ്രം മസ്റ്ററിംഗിന് നിർദ്ദേശിച്ചത്. എന്നാൽ ഈ മാസം ആദ്യമാണ് ഭക്ഷ്യവകുപ്പ് നടപടികൾ ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളെല്ലാം മസ്റ്ററിംഗ് ഏതാണ്ട് പൂർത്തിയാക്കി. സാമ്പത്തിക വർഷം അവസാനിക്കുന്ന ഈ 31നകം എല്ലാ സംസ്ഥാനവും മസ്റ്ററിംഗ് പൂർത്തിയാക്കണം.
ഇന്നലെ റേഷൻകടകൾക്ക് പുറമെ കമ്യൂണിറ്റി ഹാളുകളിലും മറ്റും ക്യാമ്പ് ഒരുക്കിയായിരുന്നു രാവിലെ 8ന് മസ്റ്ററിംഗ് തുടങ്ങിയത്. വെളുപ്പിനു തന്നെ ഇവിടങ്ങളിൽ നീണ്ട നിരയായി. ആദ്യ രണ്ടര മണിക്കൂറിൽ 14,177 റേഷൻകടകളിലായി ആകെ 28,390 കാർഡുകളാണ് മസ്റ്റർ ചെയ്തത്. ഒരു കടയിൽ ശരാശരി രണ്ട് കാർഡ് വീതം. ഇതോടെ പൊരിവെയിലത്ത് കാത്തുനിന്നവർ പ്രതിഷേധിച്ചു. വൃദ്ധർ തളർന്നു വീഴുന്ന സ്ഥിതിയായി. റേഷൻ വ്യാപാരികൾക്കു നേരെ കൈയേറ്റശ്രമവുമുണ്ടായി.
പ്രതിഷേധം ശക്തമായതോടെ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ രണ്ടുതവണ ഉന്നതതലയോഗം ചേർന്നു. ഐ.ടി മിഷൻ, ഐ.ടി വകുപ്പ് , ഭക്ഷ്യ വകുപ്പ്, എൻ.ഐ.സി എന്നിവരുടെ സംയുക്തപരിശോധയിൽ സെർവറിൽ തകരാർ കണ്ടെത്തി. ഓവർലോഡ് ഒഴിവാക്കാൻ മസ്റ്ററിംഗ് മഞ്ഞ കാർഡുകാർക്ക് മാത്രമാക്കി. ഇന്നലെ വൈകിട്ടുവരെ 18,53,970 മസ്റ്ററിംഗ് പൂർത്തിയായെന്ന് മന്ത്രി അവകാശപ്പെട്ടു. 45 ലക്ഷത്തിലേറെ കാർഡുടമകളാണ് മസ്റ്റർ ചെയ്യേണ്ടത്.
മസ്റ്ററിംഗ് വൈകൽ കാരണം റേഷൻവിഹിതം ആർക്കും നഷ്ടപ്പെടില്ല. അങ്ങനെയുള്ള പ്രചാരണം വിശ്വസിക്കരുത്
- ജി.ആർ.അനിൽ,
ഭക്ഷ്യമന്ത്രി
മസ്റ്ററിംഗ് തുടങ്ങാൻ വൈകിയത് സർക്കാർ വീഴ്ചയാണ്. റേഷൻ വ്യാപാരികളെയാണ് ജനം കുറ്റപ്പെടുത്തുന്നത്
-ജോൺസൺ വിളവിനാൽ, വൈസ് പ്രസിഡന്റ്,
റീട്ടൈൽ റേഷൻ ഡീലേഴ്സ് അസോ.
ഇന്നും നാളെയും
മഞ്ഞ കാർഡിന് മാത്രം
ഇന്നും നാളെയും മഞ്ഞ കാർഡുകൾക്ക് മാത്രമാണ് മസ്റ്ററിംഗ്. പിങ്ക് കാർഡുകാർക്ക് ദിവസം നാളെ നിശ്ചയിക്കും. എന്നാൽ, വിവരം അറിയാതെ  ഇന്ന് വരുന്ന പിങ്ക് കാർഡ് ഉടമകൾക്കും അവസരം നൽകാൻ മന്ത്രി ജി.ആർ.അനിൽ നിർദ്ദേശിച്ചു.
മസ്റ്ററിംഗ് മുൻഗണനാ
കാർഡുകൾക്ക്
 റേഷൻ കാർഡിലെ അംഗങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കാനാണ് പെൻഷൻകാർക്കെന്നപോലെ മസ്റ്ററിംഗ് നടത്തുന്നത്
 റേഷൻ മസ്റ്ററിംഗ് ഇത് ആദ്യമായിട്ടാണ്. സൗജന്യ റേഷൻ അർഹതപ്പെട്ടവർക്ക് തന്നെ കിട്ടുന്നുണ്ടോ എന്നറിയാൻ കൂടിയാണിത്