ko

കോവളം: വാഴമുട്ടത്ത് ചകിരി ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഫാക്ടറി ഉപകരണങ്ങളും അട്ടിയിട്ട് വച്ച ചകിരിയും കത്തിനശിച്ചു. ഒരു കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. വാഴമുട്ടം കയർ സഹകരണ സംഘത്തിന് കീഴിൽ 20ഓളം സെന്റിൽ സ്ഥാപിച്ച വാഴമുട്ടം - വട്ടപ്പാറയ്ക്ക് റോഡിലെ കുഴിവിളാകത്തെ ഡീ ഫെെബറിംഗ് യൂണിറ്റാണ് കത്തി നശിച്ചത്. കയർ ഓഫീസ് നെയ്യാറ്റിൻകര സർക്കിളിലെ 10 ഓളം സംഘങ്ങൾക്കു വേണ്ടി 2021ൽ പച്ച തൊണ്ടിൽ നിന്ന് ചകിരി ഉത്പാദിപ്പിക്കാനാണ് ഫാക്ടറി ആരംഭിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 3ഓടെയാണ് തീപിടിത്തമുണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫയർസ്റ്റേഷൻ ഓഫീസർ അജയ് ടി.കെയുടെ നേതൃത്വത്തിലെത്തിയ 2 ഫയർഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.

യൂണിറ്റിലെ തൊണ്ടുതല്ലുന്ന മൂന്ന് മെഷീനുകൾ,കൺവെയർ ബെൽറ്റ്,മോട്ടോറുകൾ,ബണ്ടിൽ കണക്കിന് സൂക്ഷിച്ചിരുന്ന ചകിരി ഉൾപ്പെടെയാണ് കത്തിനശിച്ചത്. തീപിടിച്ച ഫാക്ടറി കോവളം ടി.എസ് കനാലിന് സമീപത്തായിരുന്നതിനാൽ മോട്ടോർ ഉപയോഗിച്ച് കനാലിൽ നിന്നുള്ള വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.

തീപിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്.സാമൂഹ്യവിരുദ്ധർ തീയിട്ടതാണോ അതോ ഷോർട്ട് സർക്ക്യൂട്ട് കാരണം ചകിരി കത്തിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്.ഏതാനും നാളുകളായി യൂണിറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാൽ ഇവിടേക്ക് ആരും എത്താറില്ലായിരുന്നു.വിവരമറിഞ്ഞ് മന്ത്രി വി.ശിവൻകുട്ടി,നഗരസഭ കൗൺസിലർ പനത്തുറ പി.ബെെജു,കയർ സംഘം പ്രസിഡന്റ് സദാശിവൻ,കയർ ഇൻസ്പെക്ടർ ഓഫീസിലെ ഫീൽഡ് ഓഫീസർ ജ്യോതിഷ്,തിരുവല്ലം പൊലീസ്,തിരുവല്ലം വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.