തിരുവനന്തപുരം: എസ്‍.സി വിഭാഗത്തിൽപ്പെട്ട പൊതുപ്രവർത്തകനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ വനംവകുപ്പ് പരുത്തിപ്പള്ളി റാപ്പിഡ് റെസ്‌പോൺസ് ടീമിലെ (ആർ.ആർ.ടി) ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്.റോഷ്‌നിയെ സ്ഥലംമാറ്റി. ഫോറസ്റ്റ് കൺസർവേറ്റർ (ഇൻസ്‌പെക്ഷൻ ആൻഡ് ഇവാലുവേഷൻ)എം.ഐ.നീതുലക്ഷ്മിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ഡി.എഫ്.ഒയാണ് നടപടിയെടുത്തത്.

വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് വീട്ടിൽ കുരങ്ങിനെ വളർത്തിയെന്ന പരാതിയെ തുടർന്ന് ഫ്ലൈയിംഗ് സ്‌ക്വാഡും അന്വേഷണം ആരംഭിച്ചു. പട്ടിക വിഭാഗത്തിനെതിരായ അതിക്രമക്കേസ് ഡിവൈ.എസ്.പി തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കേണ്ട ക്രിമിനൽ കുറ്റമായതിനാൽ പൊലീസിന് കൈമാറി. ഉദ്യോഗസ്ഥയെ കുളത്തൂപ്പുഴ റെയിഞ്ചിലേക്ക് മടക്കി അയയ്‌ക്കണമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് സ്ഥലംമാറ്റിയത്.

വനസംരക്ഷണ സമിതിയുടെ യോഗ സ്ഥലത്ത് ആർ.ആർ.ടിയുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്നിരിക്കെ,അടിയന്തര സാഹചര്യങ്ങൾക്കായി നിയോഗിക്കേണ്ട ഉദ്യോഗസ്ഥരും വാഹനവും സ്ഥലത്തെത്താൻ നിർദേശിച്ച പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറോട് വിശദീകരണം തേടിയിട്ടുണ്ട്. കല്ലാർ മംഗലംകരിക്കകം ഗ്രേസ് വില്ലയിൽ നടന്ന കല്ലാർ വനസംരക്ഷണ സമിതിയുടെ പൊതുയോഗത്തിൽ സമിതി സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിനെ തുടർന്നുള്ള ചർച്ചയിൽ പൊതുപ്രവർത്തകൻ കല്ലാർ കുന്നുംപുറത്ത് വീട്ടിൽ അനിൽകുമാർ സംസാരിക്കുന്നതിനിടെയാണ് സംഭവം.

രോഷാകുലയായി ബഹളംവയ്‌ക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് അനിലിന്റെ പരാതി. അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് (വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ്) അനിൽകുമാർ പരാതി നൽകിയിരുന്നു. തിരുവനന്തപുരം ഫ്ലൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ നടത്തിയ അന്വേഷണത്തിൽ പരാതിയിലെ ആരോപണങ്ങൾ തെളിയിക്കപ്പെട്ടതായി കണ്ടെത്തിയെന്നും ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന നിയമം സ്ഥിരമായി ലംഘിച്ചതിനാൽ റോഷ്‌നിയുടെ യൂണിഫോം അലവൻസ് തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക ക്രമക്കേടിന് ധനകാര്യ

പരിശോധന വിഭാഗം വിശദീകരണം തേടി

കല്ലാർ ഇക്കോ ടൂറിസം സെന്ററിൽ 2019 മാർച്ച് മുതൽ 2021 ജൂലായ് വരെ നടപ്പാക്കിയ പദ്ധതികളിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്.റോഷ്‌നിയോട് വിശദീകരണം തേടിയിട്ടുണ്ട്.

85 ഗൈഡുകൾക്ക് യൂണിഫോം വാങ്ങിയതിൽ 75 പേർക്ക് മാത്രം വിതരണം ചെയ്‌തു, നേച്ചർ ക്യാമ്പ് നടത്തിയതിൽ 38,400 രൂപ കടം കാണിച്ച് സമിതി കോർ ഫണ്ട് അക്കൗണ്ടിൽ നിന്ന് തുക പിൻവലിച്ചു,നക്ഷത്ര വനത്തിന്റെ നവീകരണത്തിൽ 20,739 രൂപയുടെ പൊരുത്തക്കേട്,കല്ലാർ ഇക്കോ ടൂറിസം സെന്ററിലെ മരാമത്ത് പണികൾ വന സംരക്ഷണ സമിതിയെ ഏല്പിക്കാതെ സമിതി സെക്രട്ടറിയായ റോഷ്‌നി നേരിട്ടുചെയ്‌ത് പണം കൈപ്പറ്റി എന്നിങ്ങനെയാണ് ക്രമക്കേടുകൾ.