
തിരുവനന്തപുരം: കേരള സർവകലാശാലാ കലോത്സവത്തിലെ ക്രമക്കേടുകളും പരാതികളും കോഴയാരോപണവും അന്വേഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഗോപ്ചന്ദ്രൻ, ജി.മുരളീധരൻ, ആർ.രാജേഷ്, ഡോ.ജയൻ, രജിസ്ട്രാർ ഡോ.അനിൽകുമാർ എന്നിവരടങ്ങിയ സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. കലോത്സവത്തിനിടെയുണ്ടായ എല്ലാ സംഭവങ്ങളും സമിതി അന്വേഷിക്കും. കോഴയാരോപണത്തെയും സംഘർഷത്തെയും തുടർന്ന് നിറുത്തി വച്ച യുവജനോത്സവം പുനരാരംഭിക്കുന്നതിൽ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തീരുമാനം. പരാതി പരിഹാര സമിതി അദ്ധ്യക്ഷയെ ഈ സമിതിയിൽ നിന്നൊഴിവാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
യുവജനോത്സവ നടത്തിപ്പിനുള്ള ചട്ടങ്ങളും യൂണിയന്റെ നിയമാവലിയും സംബന്ധിച്ച മാന്വൽ പരിഷ്കരിക്കുന്നതിന് സിൻഡിക്കേറ്റംഗങ്ങളും അദ്ധ്യാപകരും കലാ, സാഹിത്യ പ്രതിഭകളുമടങ്ങിയ സമിതിയെ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. കലോത്സവം നടത്തുന്നതിന് യൂണിയന്റെ പരമാധികാരം കുറച്ച് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പ്രാതിനിധ്യം ഉൾപ്പെടുത്തുന്നതാവും ഭേദഗതി. കലോത്സവ നടത്തിപ്പിന് ലക്ഷങ്ങളുടെ ഫണ്ട് വാഴ്സിറ്റിയാണ് നൽകുന്നത്. സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പ് അദ്ധ്യാപക സംഘടനകളും ഉദ്യോഗസ്ഥരുമെല്ലാം ചേർന്നാണ്. സമാനമായി വാഴ്സിറ്റി കലോത്സവ നടത്തിപ്പിനും അദ്ധ്യാപകരെക്കൂടി ഉൾപ്പെടുത്തി ഉപസമിതികളുണ്ടാക്കാനാണ് ആലോചന. കലോത്സവ നടത്തിപ്പിന് പ്രോ വൈസ്ചാൻസലർ ചെയർമാനും സ്റ്രുഡന്റ് സർവീസ് ഡയറക്ടർ കൺവീനറുമായി സമിതിയുണ്ടാവണം. 3 സിൻഡിക്കേറ്റംഗങ്ങളും സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധിയും ഫൈൻ ആർട്സ് ഡീനുമടക്കം അംഗങ്ങളാവണം. ഫലപ്രഖ്യാപനത്തിലെ പരാതികളിൽ രേഖകൾ വിളിച്ചുവരുത്തി പരിശോധിച്ച് നടപടിയെടുക്കാനും ചട്ടങ്ങൾ ലംഘിക്കുന്നവരെ അയോഗ്യരാക്കാനും സമിതിക്ക് അധികാരമുണ്ടാവും. യോഗ്യരായ വിധികർത്താക്കളില്ലെങ്കിൽ പി.വി.സിയുടെ അനുമതിയോടെ യൂണിയൻ പാനലിന് പുറത്തുള്ളവരെ ക്ഷണിക്കാം. ഈ വ്യവസ്ഥകളെല്ലാം കർശനമാക്കുന്ന തരത്തിലാവും പുതിയ മാന്വൽ വരിക.
വി.സിക്കെതിരേ
വിമർശനം
കാലാവധി കഴിഞ്ഞ സർവകലാശാലാ യൂണിയൻ പിരിച്ചുവിട്ട വി.സിക്കെതിരേ സിൻഡിക്കേറ്റിൽ രൂക്ഷവിമർശനമുണ്ടായി. തിരഞ്ഞെടുപ്പ് നടത്തി പുതിയ യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ നിലവിലെ യൂണിയനെ തുടരാൻ അനുവദിക്കണമെന്നായിരുന്നു സിൻഡിക്കേറ്റങ്ങളുടെ നിലപാട്. കലോത്സവ നടത്തിപ്പിൽ ആക്ഷേപമുണ്ടാവുകയും വിധികർത്താവ് ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതിനാൽ കാലാവധി നീട്ടാനാവില്ലെന്ന് വി.സി വ്യക്തമാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, യൂണിയൻ തിരഞ്ഞെടുപ്പ് ഉടൻ നടത്തുന്നത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാവുമെന്നും വി.സി അറിയിച്ചു. ഇതിന്റെ സാങ്കേതികത പരിശോധിച്ച ശേഷമാവും തുടർനടപടി. അതുവരെ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർക്ക് ചുമതല തുടരും.