തിരുവനന്തപുരം: ആറ് മന്ത്രിമാരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് അനക്‌സ് 2ൽ ജലക്ഷാമം. കഴിഞ്ഞ രണ്ട് ദിവസമായി വെള്ളം ലഭിക്കാത്തതിനെ തുടർന്ന് വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

വനിതകളടക്കം സെക്രട്ടേറിയറ്റിലെ 50 ശതമാനത്തോളം ഉദ്യോഗസ്ഥരാണ് അവിടെ ജോലി ചെയ്യുന്നത്. ജീവനക്കാർ പരാതി ഉന്നയിച്ചതോടെ കുറച്ച് സമയത്തേക്ക് വെള്ളം ലഭ്യമായി. ഇന്നലെ ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി അറിയിച്ചു. ചീഫ് സെക്രട്ടറി ഇടപെട്ട് വിളിച്ചുചേർത്ത യോഗത്തിൽ ഹൗസ് കീപ്പിംഗ് അഡിഷണൽ സെക്രട്ടറി,അണ്ടർ സെക്രട്ടറി എന്നിവർക്ക് പുറമേ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും പങ്കെടുത്തു.

അടിയന്തര നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചതിനെ തുടർന്ന് ഉച്ചയോടെ കുറച്ച് സമയത്തേക്ക് മാത്രം വെള്ളം ലഭ്യമായെങ്കിലും നാലരയോടെ അതും നിലച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്,വി.ശിവൻകുട്ടി,വീണാജോർജ്,ആർ.ബിന്ദു, ജെ.ചിഞ്ചുറാണി,പി.പ്രസാദ് എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഇതിനു പുറമേ കൃഷി, മൃഗസംരക്ഷണം,റവന്യു,ആയുഷ്,വനം,വിദ്യാഭ്യാസം,ആരോഗ്യം,ഉന്നതവിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളും ഇവിടെയുണ്ട്.

ജീവനക്കാർക്ക് പുറമേ വിവിധ ആവശ്യങ്ങൾക്കായി ഒട്ടേറെ സന്ദർശകരെത്തുന്ന സ്ഥലത്താണ് ഈ അവസ്ഥ. ധനകാര്യവകുപ്പ് പ്രവർത്തിക്കുന്ന മെയിൻ ബ്ലോക്കിലെ ഒന്നാം നിലയിലും സമാന പ്രശ്‌നമുണ്ട്.

ഫോണെടുക്കാതെ

ഹൗസ്‌കീപ്പിംഗ്

വെള്ളമില്ലെന്ന കാര്യമറിയിക്കാൻ ഹൗസ്‌കീപ്പിംഗ് വിഭാഗത്തിലേക്ക് വിളിച്ചാൽ ഫോണെടുക്കില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. കഴിഞ്ഞ ഒരുവർഷമായി ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ബില്ലുകൾ മാറിനൽകാത്തതിനാൽ അറ്റകുറ്റപ്പണികൾ നടത്താൻ കരാറുകാരെ കിട്ടാത്ത അവസ്ഥയുമുണ്ട്.

പ്രതിദിനം 30,000 ലിറ്റർ

അനക്‌സ് 2ലേക്ക് പൈപ്പ് കണക്ഷനുണ്ടെങ്കിലും പൈപ്പിലൂടെയെത്തുന്ന ജലം ആവശ്യത്തിന് തികയാറില്ല. അതുകൊണ്ട് കഴിഞ്ഞ രണ്ട് വർഷത്തോളമായി ദിവസവും 30,000 ലിറ്റർ വെള്ളമാണ് വാട്ടർ അതോറിട്ടി ലോറിയിലെത്തിക്കുന്നത്. അതും കൃത്യമായി ലഭിക്കാതിരുന്നതോടെയാണ് ജലക്ഷാമം രൂക്ഷമായത്. ഈ കെട്ടിടത്തിലേക്കുള്ള പൈപ്പ് ലൈനിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വാട്ടർഅതോറിട്ടിക്ക് കത്ത് നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല.