തിരുവനന്തപുരം : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌തു വട്ടിയൂർക്കാവ് നേതാജി റോഡ് സ്വദേശിയായ യുവതിയുടെ 88,000 രൂപ തട്ടിയെടുത്തു. 25കാരിക്കാണ് പണം നഷ്‌ടമായത്. വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞത്: ഓൺലൈനിലെ പരസ്യത്തിൽ കണ്ട വെബ് സൈറ്റ് ലിങ്കിൽ യുവതി ക്ലിക്ക് ചെയ്‌തതിനു പിന്നാലെ ഇവരുടെ വാട്‌സ് ആപ്പിലേക്ക് സന്ദേശങ്ങൾ എത്തി. ഷെയർ ചാറ്റ് വീഡിയോകൾ അയച്ചു നൽകുകയും ഇതു കണ്ട ശേഷം സ്ക്രീൻ ഷോട്ട് തിരികെ അയച്ചു കൊടുക്കുമ്പോൾ 50 രൂപ വീതം പ്രതിഫലം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. സ്ക്രീൻ ഷോട്ട് അയച്ചു കൊടുത്ത യുവതിക്കു 1000 മുതൽ 5000 രൂപ വരെ പ്രതിഫലമായി കിട്ടി തുടങ്ങിയതോടെ ഇവർക്ക് വിശ്വാസമായി. പിന്നീട് ടെലഗ്രാം ട്രൂപ്പിലേക്കു ചേർത്തു ബിറ്റ് കോയിൻ ഇടപാടിനായി നിർബന്ധിപ്പിച്ച് ആപ് ഇൻസ്‌റ്റാൾ ചെയ്യിപ്പിച്ചു. ഇതിലെ നിർദേശങ്ങൾ പ്രകാരം പലതവണകളായി പണം നിക്ഷേപിച്ചു. ആപ്പിൽ തുക ഇരട്ടി ആയെന്നു കാണിച്ചെങ്കിലും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. പിന്നീട് തട്ടിപ്പാണെന്നു ബോദ്ധ്യപ്പെട്ട യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.