kerala-govy-file

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായി സർക്കാർ ശുപാർശ ചെയ്ത മൂന്നുപേരിൽ ഒരാൾക്കെതിരായ പരാതികളിൽ കഴമ്പില്ലെന്ന് സർക്കാർ ഗവർണറെ അറിയിച്ചു. മൂന്നു പേരുടെയും നിയമനത്തിന് വിജിലൻസ് ക്ലിയറൻസും ഹാജരാക്കി. നിയമന ശുപാർശ പരാതികൾ സഹിതം ഗവർണർ മുഖ്യമന്ത്രിക്ക് തിരിച്ചയച്ചിരുന്നു. നിയമന പട്ടികയിൽ ഉൾപ്പെട്ട

മാദ്ധ്യമപ്രവർത്തകനിൽ നിന്ന് മുഖ്യമന്ത്രി സത്യവാങ്മൂലം വാങ്ങി. തനിക്കെതിരായ പരാതികൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. ഇത് സഹിതമാണ് ഫയൽ രാജ്ഭവനിൽ എത്തിച്ചത്. ഇതോടെ നിയമനത്തിന് ഗവർണർ അനുമതി നൽകിയേക്കും.

ഡോ.സോണിച്ചൻ പി.ജോസഫ്, എം.ശ്രീകുമാർ, ടി.കെ.രാമകൃഷ്ണൻ എന്നിവരാണ് വിവരാവകാശ കമ്മിഷണർമാരാവാനുള്ള പട്ടികയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി പി.രാജീവ് എന്നിവരടങ്ങിയ സമിതിയുടേതാണ് ശുപാർശ. ഗവർണർ ഒപ്പിട്ടാലേ നിയമനം നടത്താനാവൂ. കമ്മിഷണർമാർക്ക് 2.25 ലക്ഷം രൂപ ശമ്പളവും കാറും ഔദ്യോഗിക വസതിയും സ്റ്റാഫുകളെയും ലഭിക്കും. ഒരു ലക്ഷം രൂപയോളമാണ് പെൻഷൻ.