തിരുവനന്തപുരം: വള്ളക്കടവ് പാലത്തിനു സമീപത്തെ സോഫ കടയ്ക്ക് തീപിടിച്ചു. പൂഴിക്കുന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് ഇന്നലെ രാത്രി 10.30ഓടെ തീപിടിത്തമുണ്ടായത്. പഴയ സോഫകൾ നന്നാക്കി വിൽക്കുന്ന കടയാണിത്. കടയിലുണ്ടായിരുന്ന സോഫ, തയ്യൽ മെഷീൻ, കട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള സാധനങ്ങളും മുകളിലെ ഷീറ്റും ഭാഗികമായി നശിച്ചു. നൗഷാദും ജീവനക്കാരും കഴിക്കാൻ പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാർ ചാക്ക ഫയർ ഫോഴ്സിൽ വിവരമറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

.