
നെയ്യാറ്റിൻകര: പെരുമ്പഴുതൂർ മാമ്പഴക്കര കല്ലുപാലം അരുവിപ്പുറം ബണ്ട് റോഡ് തകർന്നിട്ട് വർഷങ്ങളായി. പരാതികൾ പലത് പറഞ്ഞിട്ടും നടപടിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ദുരിതംപേറിയുള്ള ജനങ്ങളുടെ യാത്രയ്ക്ക് അറുതിവരുത്തണമെന്നാണ് ഇവിടുത്തുകാരുടെ പ്രധാന ആവശ്യം. 2021ലാണ് റോഡ് തകർന്നത്. അന്ന് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴുകയും സമീപത്തെ ആൽമരം കടപുഴകുകയും ചെയ്തു. ഇതോടെ ഈ വഴിയുള്ള കാൽനടയാത്രപോലും ദുഷ്കരമായി. വിഷ്ണുപുരം ക്ഷേത്രത്തിനടുത്തു നിന്നും ആരംഭിക്കുന്ന റോഡ് ചെമ്പകപ്പാറ കരിപ്രക്കോണം സ്കൂൾ, കല്ലുപാലം, ചിറ്റുടയാറ്റൂർ ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രം, കോഴിത്തോട്ടം വഴി അരുവിപ്പുറത്തേക്ക് എത്തിച്ചേരുകയാണ്. മുൻപിതുവഴി പകൽ നേരങ്ങളിൽ നിരവധിപേർ യാത്രചെയ്തിരുന്നെങ്കിലും ഇപ്പോൾ യാത്രാക്കാർ കുറവാണ്. മുള്ളറവിള അർബൻ ഹെൽത്ത് സെന്ററിൽ എത്തിച്ചേരുവാൻ പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഈ റോഡ് സഞ്ചാരയോഗ്യമായാൽ ഹെൽത്ത് സെന്ററിൽ എത്തിച്ചേരുന്നതിനു പ്രയോജനകരമാണ്.
ജീവഭയത്തിൽ യാത്രക്കാർ
റോഡ് തകർന്നെങ്കിലും ആ ഭാഗത്ത് അപകടസൂചനാ ബോർഡൊന്നും സ്ഥാപിച്ചിട്ടില്ല. ഇവിടെ പലപ്പോഴും തെരുവ് വിളക്കുകൾ പ്രകാശിക്കാറുമില്ല. തെരുവിളക്കുകൾ പ്രകാശിക്കാത്തതു കാരണം ബൈക്കിലും മറ്റുമെത്തുന്നവർ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. പ്രളയത്തിൽ തകർന്ന റോഡിന്റെയും ആൽമരം കടപ്പുഴകി വീണ റോഡിന്റെയും ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനാസ്ഥ തുടരുകയാണ്. കാലൊന്ന് വഴുതിയാൽ സമീപത്തെ തോട്ടിൽ വീഴും. അതിനാൽ ജീവഭയത്താലാണ് യാത്രക്കാർ കടന്ന് പോകുന്നത്.
റോഡ് വെള്ളത്തിൽ
അടുത്ത് ഒരു പ്രളയമോ മഴയോ വന്നാൽ ഈ ബണ്ട് പൂർണമായും വെള്ളത്തിലാകും. അരുവിപ്പുറം മഠത്തിന്റെ കീഴിൽ സ്ഥിതി ചെയ്യുന്ന ചെങ്കല്ലൂർ സ്കൂളിലേക്ക് പോകുന്നതിനും ഈ റോഡ് പ്രയോജനകരമാകുന്നതാണ്. നിലവിൽ ഈ റോഡ് ഗൂഗിൾ മാപ്പിൽ ഉള്ളതിനാൽ മാപ്പിന്റെ സഹായത്തോടെ വരുന്ന പൊതുജനങ്ങൾ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. ചെങ്കല്ലൂർ, വിഷ്ണുപുരം, ചെമ്പകപ്പാറ, കരിപ്രക്കോണം പ്രദേശവാസികൾക്ക് നെയ്യാറ്റിൻകര എത്തിച്ചേരുവാൻ മൂന്ന് കിലോമീറ്ററോളം ലാഭപ്പെടുകയും ചെയ്യും.