ആറ്റിങ്ങൽ: ജോലിക്കായി പോയ അഞ്ചുതെങ്ങ് സ്വദേശികൾ റഷ്യയിൽ കുടുങ്ങിയെന്ന് ബന്ധുക്കൾ. അഞ്ചുതെങ്ങ് കുരിശടി മുക്കിനു സമീപം കൊപ്രക്കൂട്ടിൽ സെബാസ്റ്റ്യൻ-നിർമ്മല ദമ്പതികളുടെ മകൻ പ്രിൻസ് (24),പനിയടിമ-ബിന്ദു ദമ്പതികളുടെ മകൻ ടിനു (25),സിൽവ-പനിയമ്മ ദമ്പതികളുടെ മകൻ വിനീത് (23) എന്നിവരാണ് കുടുങ്ങിയത്. ഇവർ ബന്ധു സഹോദരങ്ങളാണ്. മൂന്നുപേരെയും അടിയന്തരമായി നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് മുഖാന്തരം ജനുവരി 3ന് രാത്രി 8ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ചെന്നൈ-ഷാർജ വഴിയാണ് ഇവർ റഷ്യയിലേക്ക് പോയത്. റഷ്യൻ സർക്കാരിൽ ഓഫീസ് ജോലി,ഹെല്പർ,സെക്യൂരിറ്റി ഓഫീസർ ജോലികളായിരുന്നു ഇവർക്ക് വാഗ്ദാനം ചെയ്‌തിരുന്നത്. പ്രതിമാസം 1.95 ലക്ഷം ഇന്ത്യൻ രൂപ ശമ്പളവും 50,000 രൂപ അലവൻസുമുണ്ടെന്നും ഒരുവർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്നും ഇവരോട് പറഞ്ഞിരുന്നു.
റഷ്യയിലെത്തിയ ഇവർ ഒരാഴ്ചയോളം വീട്ടിലേക്ക് ഫോൺ വിളിക്കുകയും സുഖവിവരങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്‌തു. എന്നാൽ പിന്നീട് ഇവരിൽ നിന്ന് എന്തോ എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ടുവാങ്ങിയശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറി. ഇവരുടെ മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്ത ശേഷം മൂന്നുപേർക്കും 15 ദിവസത്തോളം മിലിട്ടറി സംബന്ധമായ പരിശീലനങ്ങൾ നൽകിയതായി ബന്ധുക്കൾ പറയുന്നു. ട്രെയിനിംഗിനു ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റി. യുദ്ധമുഖത്തുവച്ച് വെടിയേറ്റും മൈൻ പൊട്ടിയും ഗുരുതരമായി പരിക്കേറ്റ പ്രിൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ മൂന്നുപേർക്കും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയായി.
ചികിത്സയിലിരിക്കെ ഫോൺ ലഭ്യമായതോടെ പ്രിൻസ് വീട്ടിലേക്ക് ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തൊഴിൽ വാഗ്‌ദാനം ചെയ്‌ത‌് റഷ്യയിലെത്തിക്കുന്നവരിൽ നിന്ന് ഏജന്റുമാർ നിർബന്ധപൂർവം പാസ്‌പോർട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി യുദ്ധമുഖത്തേക്ക് അയയ്‌ക്കുകയുമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസികൾ കുറച്ചുദിവസം മുമ്പ് സി.ബി.ഐ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു.