
തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് രണ്ടാം ദിവസവും മുടങ്ങിയത് പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കും ഭക്ഷ്യവകുപ്പ് മന്ത്രിക്കും കത്ത് നൽകി. ജോലിക്ക് പോകാതെയാണ് സാധാരണക്കാരായ കാർഡുടമകൾ റേഷൻ കടകൾക്ക് മുന്നിൽ കാത്തുനിന്ന് നിരാശരായി മടങ്ങിയത്. മുന്നൊരുക്കമോ വേണ്ടത്ര ജാഗ്രതയോ കാട്ടാതെയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് ഇരകളാകുന്നത് സാധാരണ മനുഷ്യരാണ്. പെൻഷനോ മറ്റ് ഒരു തരത്തിലുള്ള സർക്കാർ സഹായങ്ങളോ ലഭിക്കാതെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നവരുടെ തുച്ഛ വരുമാനം പോലും ഇല്ലാതാക്കിയുള്ള ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാകില്ല.