a

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി മാറ്റി നഗരകാര്യ ഡയറക്ടറായി നിയമിച്ച ജോൺ വി.സാമുവലിന് വീണ്ടും സ്ഥലംമാറ്റം. പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായാണ് പുതിയ നിയമനം. 48 മണിക്കൂറിനുള്ളിലാണ് ഈ മാറ്റങ്ങൾ.

വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് കളക്ടർ സ്ഥാനത്തു നിന്ന് ജോണിനെ മാറ്റിയത്. ആ ഉത്തരവിൽ പുതിയ നിയമനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. വെള്ളിയാഴ്ച നഗരകാര്യ ഡയറക്ടറായി നിയമിച്ച് ഉത്തരവിറക്കി. ഇന്നലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുൻപ് അത് റദ്ദാക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്ന് ജോണിനെ മാറ്റിയത് രാത്രിയായതിനാൽ ജീവനക്കാരടക്കം പിറ്റേന്ന് രാവിലെ ഓഫീസിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വർഗ്ഗീസിനെയാണ് ആലപ്പുഴ കളക്ടറാക്കിയത്. കളക്ടറായിരിക്കെ ജോൺ സാമുവലിനെതിരെ ഉയർന്ന ചില പരാതികളിൽ രഹസ്യാന്വേഷണത്തിനു ശേഷമാണ് സർക്കാർ മാറ്റിയതെന്നാണ് സൂചന. 2015ൽ ഐ.എ.എസ് ലഭിച്ച ജോണിന് രണ്ടു വർഷം കൂടി കാലാവധിയുണ്ട്.