
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 131 കമ്പനി കേന്ദ്രസേനയെയാണ് കേരളം ആവശ്യപ്പെട്ടത്. അഞ്ചു കമ്പനി സി.ആർ.പി.എഫിനെ കൊല്ലം, തിരുവനന്തപുരം അടക്കം ജില്ലകളിൽ വിന്യസിച്ചു. പത്ത് കമ്പനി തിങ്കളാഴ്ചയെത്തും. ഒരു കമ്പനിയിൽ 70-100 അംഗങ്ങളുണ്ടാവും. പൊലീസ്, എക്സൈസ്, വനം, മോട്ടോർവാഹന ഉദ്യോഗസ്ഥർ, ഹോംഗാർഡ് അടക്കം 50,000 സേനാംഗങ്ങളെയും നിയോഗിക്കും. വിമുക്തഭടന്മാരും വിരമിച്ചവരുമടക്കം 10000 സ്‌പെഷ്യൽപൊലീസ് ഓഫീസർമാരുമുണ്ടാവും.
മൂവായിരത്തിലേറെ പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഇവയിൽ പകുതിയിലേറെ ബൂത്തുകളിൽ അതീവജാഗ്രത പുലർത്തും. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുള്ള മലപ്പുറം, വയനാട്, കണ്ണൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ കേന്ദ്രസേനയ്ക്കൊപ്പം കമാൻഡോസേന, തണ്ടർബോൾട്ട്, ദ്രുതകർമ്മസേന എന്നിവയുണ്ടാവും. സി.ആർ.പി.എഫിന്റെ നക്സൽ വിരുദ്ധ പരിശീലനം നേടിയ സംഘങ്ങളെയാണ് നിയോഗിക്കുക. സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളുമുണ്ടാവും.
22,400 പോളിംഗ് ലൊക്കേഷനുകളിലായി 45,000ത്തോളം ബൂത്തുകളുണ്ടാവും. രണ്ടായിരത്തിലേറെ ബൂത്തുകൾ വർദ്ധിച്ചേക്കും.
പ്രശ്നസാദ്ധ്യത കൂടുതലുള്ള
ബൂത്തിൽ 4 കേന്ദ്രസേനാംഗം
അതീവപ്രശ്‌ന സാധ്യതയെന്ന് കണക്കാക്കുന്ന എ-വിഭാഗത്തിൽ ഓരോബൂത്തിലും നാല് കേന്ദ്രസേനാംഗങ്ങൾ.
ബി-വിഭാഗത്തിലെ പ്രശ്നസാദ്ധ്യത തീവ്രമല്ലാത്ത ബൂത്തിൽ രണ്ട് കേന്ദ്രസേനാംഗവും അധികം പൊലീസും.
നിയന്ത്രണം പൊലീസിന്
എസ്.പിയുടേയോ സബ്ഡിവിഷണൽ ഉദ്യോഗസ്ഥരുടേയോ ഉത്തരവ് പ്രകാരമാവും കേന്ദ്രസേനയുടെ പ്രവർത്തനം. വോട്ടിംഗ് കേന്ദ്രത്തിലെ ക്രമസമാധാനം, തിരക്ക്നിയന്ത്രിക്കൽ, വോട്ടർമാരെസഹായിക്കൽ എന്നിവയാണ് പ്രധാനചുമതല. അടിയന്തര സാഹചര്യത്തിൽ മണ്ഡലത്തിലെവിടേക്കും കേന്ദ്രസേനയെ എത്തിക്കും. ഫലപ്രഖ്യാപനത്തിനു ശേഷമേ മടങ്ങൂ.
ആയുധശേഖരം
9 എം.എം പിസ്റ്റൾ, ഇൻസാസ് റൈഫിൾ, ഇൻസാസ് ലൈറ്റ് മെഷീൻഗൺ, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചറുകൾ, എ.കെ 47, എ.കെ.എം റൈഫിളുകൾ, ഇസ്രയേലി താവൂർ റൈഫിൾ എന്നിവയങ്ങിയ വൻ ആയുധശേഖരം കേന്ദ്രസേനയുടെ ബാരക്കിലുണ്ടാവും.
150കോടി
സുരക്ഷാ ചെലവിനായി 150കോടിയെങ്കിലും വേണ്ടിവരും. കേന്ദ്രസേനയുടെ താമസം, ഭക്ഷണം, യാത്ര, വിന്യാസം മടക്കയാത്ര എന്നിവയ്ക്കെല്ലാമുള്ള ചെലവ് പൊലീസാണ് വഹിക്കുന്നത്. ഇത് പിന്നീട് കേന്ദ്രം തിരികെ നൽകും.