kerala

റബർ സബ്സിഡി വർദ്ധന ഏപ്രിൽ മുതൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ, പെൻഷൻ പരിഷ്കരണം, ലൈഫ് മിഷൻ ഉൾപ്പെടെ കുടിശിക ആനുകൂല്യങ്ങൾക്ക് 7321.36 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തുക അനുവദിച്ചത്. ക്ഷേമ പെൻഷൻ മൂന്നു ഗഡു കുടിശികയ്ക്കായി 2700 കോടി കഴിഞ്ഞ ദിവസം അനുവദിച്ചത് ഉൾപ്പെടെയാണിത്. ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ഇക്കാര്യമറിയിച്ചത്.

ലൈഫ് മിഷന് 130 കോടി കൂടി അനുവദിച്ചു. ഇതോടെ മിഷന് ഇൗവർഷം നൽകിയ തുക 356 കോടിയായി. 22.49 ലക്ഷംപേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ സംഘങ്ങൾക്കുള്ള ജൂലായ്,ആഗസ്റ്റ് മാസത്തെ പ്രതിഫലമായ 12.88 കോടിയും അനുവദിച്ചു. നാളെ മുതൽ ഇത് കൈമാറും.

2022-23വരെയുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സകോളർഷിപ്പിന് 454.15കോടി. എൻ.എച്ച്.എം, ആശാ പ്രവർത്തരുടെ ശമ്പളം, ഒാണറേറിയത്തിനായി 40 കോടി. കേന്ദ്രവിഹിതത്തിൽ നാലുമാസത്തെ കുടിശിക ഉള്ളതിനാൽ അടുത്ത വർഷത്തെ വിഹിതത്തിൽ നിന്നാകും ഇത് നൽകുക.

റബർ സബ്സിഡി കിലോഗ്രാമിന് 170 രൂപയിൽ നിന്ന് 180 ആക്കി ഉയർത്തിയത് ഏപ്രിൽ ഒന്നു മുതൽ നൽകും. ബഡ‌്ജറ്റ് പ്രഖ്യാപനമാണിത്. റബർ ഉത്പാദക ബോണസും കൂട്ടിയിട്ടുണ്ട്. ഇതിനായി 24.48 കോടി കൂടി അനുവദിച്ചു. റബർ ബോർഡ് അംഗീകരിച്ച പട്ടികയിലുള്ള മുഴുവൻ പേർക്കും സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തും. ഒന്നരലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബർ കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക.

ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കും

ജീവനക്കാരുടെ 2024-25ലെ ലീവ് സറണ്ടറിനായി 3300 കോടിയാണ് അനുവദിച്ചത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജി.പി.എഫ് ഇല്ലാത്തവർക്കും പണമായി ലഭിക്കും. മറ്റുള്ളവരുടേത് പി.എഫിൽ ലയിപ്പിക്കും. 2028വരെ പിൻവലിക്കാനാവില്ല. പതിനൊന്നാം പെൻഷൻ പരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡുവിനായി 628കോടിയാണ് അനുവദിച്ചത്. 5.07 ലക്ഷം പേർക്ക് ആനുകൂല്യം ലഭിക്കും. 2019 മുതൽ മുൻകാല പ്രാബല്യമുള്ള പെൻഷൻ പരിഷ്കരണ കുടിശിക നാല് ഗഡുക്കളായി നൽകുമെന്ന് പറഞ്ഞതിൽ അവസാന ഗഡു ഇനി അവശേഷിക്കുന്നു.


പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ

(തുക കോടിയിൽ)
സർവീസ് പെൻഷൻ കുടിശിക........................................ 628

റബർ ഉത്പാദന ബോണസ്.......................................... 24.48

റബർ സബ്സിഡി............................................................ 32

ലൈഫ് മിഷൻ................................................................... 130

ക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ്.................... 12.88

പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്................. 454

ആശാ പ്രവർത്തകർക്ക് ഒാണറേറിയം...........................40

ക്ഷേമ പെൻഷൻ............................................................... 2700

ജീവനക്കാരുടെ ലീവ് സറണ്ടർ........................................ 3300