തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുവാദമില്ലാതെ തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാനാകില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. ഇതിനായി താൻ ഓരോ ചീഫ് ജസ്റ്റിസുമാരുമായും സംസാരിച്ചിരുന്നു. അവർക്ക് മറ്റ് ജഡ്‌ജിമാരുമായി സംസാരിച്ച ശേഷമേ തീരുമാനമെടുക്കാനാകൂവെന്ന് പറഞ്ഞു. എന്നാൽ മറ്റ് ജഡ്‌ജിമാർ അനുമതി നൽകിയില്ലെന്നും അദ്ദേഹം പ്രസ് ക്ലബിൽ നടന്ന മീറ്റ ദ പ്രസിൽ വ്യക്തമാക്കി.

പിന്നീട് തന്റെ ആവശ്യപ്രകാരം ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂർ ഇതുസംബന്ധിച്ച ചർച്ചകൾക്കായി ഒരു കമ്മിറ്റി രൂപീകരിച്ചെങ്കിലും എങ്ങുമെത്തിയില്ല. എൻ.ഡി.എ സർക്കാരിന് ഭൂരിപക്ഷം കിട്ടാൻ സാദ്ധ്യതയില്ല. 2004 പോലെ അപ്രതീക്ഷിത വിജയമാകും കോൺഗ്രസിന് ഉണ്ടാകുക. ദേശീയ നേതാവായ രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യും. ലീഗ് വർഗീയകക്ഷിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.എ.എ വിഷയത്തിൽ പാർലമെന്റിൽ ബിൽ വന്നപ്പോൾ താനാണ് ആദ്യമായി എതിർപ്പുയർത്തിയത്. ഈ സമയത്തൊന്നും കോൺഗ്രസ് അവിടെയില്ലെന്ന് മുഖ്യമന്ത്രിയോട് ആരാണ് പറഞ്ഞുകൊടുത്തത്. ഡൽഹിയിലെത്തിയാൽ ഇടതുപക്ഷ എം.പിമാർക്ക് ഒന്നും ചെയ്യാനില്ലെന്നും തരൂർ പറഞ്ഞു.