തിരുവനന്തപുരം : ശ്രീചിത്രാ പൂവർ ഹോമിലെ ചെറിയ ഓഡിറ്റോറിയം. പരിമിതമായ സൗകര്യങ്ങൾ. പിന്നണി ഗായകരും കുട്ടികളും മലയാളി മറക്കാത്ത അനശ്വരഗാനങ്ങൾ ആലപിച്ച് സ്നേഹമഴ പെയ്യിക്കുന്നു. എല്ലാത്തിനും സാക്ഷിയായി,​ ആയിരം പൂർണചന്ദ്രൻമാരെ കണ്ട നിറവിൽ ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പിയും......

ആഘോഷങ്ങളുടെ ആർഭാടങ്ങളില്ലാതെ ശതാഭിഷേക നിറവിൽ എത്തിയ ശ്രീകുമാരൻ തമ്പി ഈ സന്തോഷവേളയിവും ഹൃദയം നുറുങ്ങുന്ന വേദന മറച്ചുവച്ചില്ല. ഇവിടെ എത്തിയവർക്കുണ്ടായ എല്ലാ അസൗകര്യങ്ങൾക്കും ഉത്തരവാദി ഞാൻ മാത്രമാണ്. ഇവിടെ ഈ സൗകര്യത്തിൽ ഈ പരിപാടി സംഘടിപ്പിച്ചാൽ മതിയെന്നത് എന്റെ തീരുമാനമാണ്. അതിന്റെ കാരണം കേട്ട് സദസിലുള്ളവരും വിങ്ങി.

''മകനായിരുന്നു ജീവിതം. മകൻ മരിച്ചതോടെ ഞാനും മരിച്ചു. അവൻ പോയതോടെ ആഘോഷങ്ങളും പോയി. ഇപ്പോൾ എന്നെ സ്‌നേഹിക്കുന്നവരുടെ നിർബന്ധത്തിന് വഴങ്ങി നിന്നു തരുന്നുവെന്ന് മാത്രം. ആരോരുമില്ലാത്ത കുഞ്ഞുങ്ങൾക്കൊപ്പം ഈ ദിവസം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഭൂമിയെന്ന പെറ്റമ്മയും ആകാശമെന്ന വളർത്തമ്മയുമുള്ളപ്പോൾ ആരും അനാഥരല്ല'' - അദ്ദേഹം പറഞ്ഞു.

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനും ചലച്ചിത്ര അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ജയശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
പൂവർ ഹോമിലെ വിദ്യാർത്ഥിനികളായ മായ, ആദിത്യ എന്നിവർക്ക് നിംസ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് വിതരണം ചെയ്തു. ജ്യോതിസ് സെൻട്രൽ സ്‌കൂൾ ഹോമിലെ കുട്ടികൾക്ക് വസ്ത്രങ്ങളും വിതരണം ചെയ്തു. ശ്രീകുമാരൻ തമ്പിക്കൊപ്പം പിറന്നാൾ സദ്യ കഴിച്ചാണ് അതിഥികൾ മടങ്ങിയത്. തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥികളായ പന്ന്യൻ രവീന്ദ്രൻ, ശശി തരൂർ, രാജീവ് ചന്ദ്രശേഖർ, മുൻ സ്‌പീക്കർ എം.വിജയകുമാർ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ്, നിർമ്മാതാവ് ജി സുരേഷ്‌കുമാർ, ദിനേഷ് പണിക്കർ, കല്ലിയൂർ ശശി, ജ്യോതിഷ് ചന്ദ്രൻ, അഡ്വ. വിജയാലയം മധു തുടങ്ങിയവരും പങ്കെടുത്തു.