തിരുവനന്തപുരം: ശതാഭിഷേകം ആഘോഷിക്കുന്ന ശ്രീകുമാരൻ തമ്പിയ്ക്ക് ആശംസകളുമായി ശ്രീചിത്ര ഹോമിലേക്ക് മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളുമെത്തി.ഡോ.ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ, രാജീവ് ചന്ദ്രശേഖർ എന്നിവരെ വേദിയിലിരുത്തി തിരുവനന്തപുരത്തെ മൂന്ന് സ്ഥാനാർത്ഥികൾക്കും വോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സദസിന്റെ അമ്പരപ്പ് പിന്നാലെ പൊട്ടിച്ചിരിയായി. ''എന്റെ വോട്ട് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലാണ്. തിരുവനന്തപുരത്തിന്റെ നഗരഹൃദയമായ പേയാടാണ് ഞാൻ താമസിക്കുന്നത്. പക്ഷേ അതെങ്ങനെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലായി എന്നത് എനിക്ക് ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഓരോ സർക്കാർ വരുമ്പോഴും അവരുടെ സൗകര്യത്തിന് മണ്ഡലങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ വോട്ട് കിട്ടാൻ വേണ്ടി യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും കളികളാണ് ഇതെല്ലാം'' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.