
വർക്കല:ലോക് സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ മുന്നണി ക്യാമ്പുകളിൽ തിരക്കിട്ട ചർച്ചകൾ തുടങ്ങി.വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി ഇന്നലെ പര്യടനം ആരംഭിച്ചത്. വട്ടപ്ലാമൂട് പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ചിറയിൻകീഴ് മണ്ഡലത്തിൽ വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സന്ദർശനം നടത്തി. മുരുക്കുമ്പുഴയിൽ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത ചിറയിൻകീഴ് മണ്ഡലം എൽ.ഡി.എഫ് കൺവെൻഷനിൽ അണികൾ ആവേശോജ്ജ്വല സ്വീകരണം ഒരുക്കി.രാത്രിയോടെ കടുവാപ്പള്ളി ജംഗ്ഷനിൽ നിന്നാരംഭിച്ച നൈറ്റ് മാർച്ചിൽ ആയിരക്കണക്കിന് ജനങ്ങളാണ് അണിചേർന്നത്. വാമനപുരം, അരുവിക്കര, നെടുമങ്ങാട് എന്നിവിടങ്ങളിലാണ് ഇന്നത്തെ പര്യടനം. യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഇന്നലെ പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.പ്രാർത്ഥനാലയം, താമര പർണ്ണശാല,സഹകരണ മന്ദിരം എന്നിവിടങ്ങളിൽ ദർശനം നടത്തി .ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വിയുമായും സ്വാമി ജ്യോതിർ പ്രഭയുമായും മറ്റു സന്യാസിമാരുമായും കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മടങ്ങിയത്.ഇന്ന് രാവിലെ 7.30 ന് ആറ്റിങ്ങലിൽ നടക്കുന്ന ചാനൽ ചർച്ചയിൽ പങ്കെടുക്കും. വൈകിട്ട് 3ന് വാമനപുരം മണ്ഡലം കൺവെൻഷൻ,വൈകിട്ട് 4ന് നഗരൂർ മണ്ഡലം കൺവെൻഷൻ,രാത്രി 7ന് പൗരത്വ നിയമത്തിനെതിരെ കന്യാകുളങ്ങര മുതൽ വെമ്പായം വരെ നടക്കുന്ന നൈറ്റ് മാർച്ചിൽ പങ്കെടുക്കും.വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് വി. മുരളീധരൻ ഇന്നലെ പര്യടനം തുടങ്ങിയത്. വിശ്വാസ സംരക്ഷണവും വികസനവും ചേർത്തുപിടിച്ച് മുന്നോട്ട് പോകുമെന്നും ക്ഷേത്രദർശനത്തിനു ശേഷം അദ്ദേഹം പറഞ്ഞു. വർക്കല,ഇടവ,ഇലകമൺ പ്രദേശങ്ങളിൽ നടന്ന ഗൃഹസമ്പർക്ക പരിപാടികളിലും പങ്കെടുത്തു.കേരള വിശ്വകർമസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിനേശ് വർക്കല,എസ്.എൻ.ഡി.പി യോഗം ഇലകമൺ ശാഖാ സെക്രട്ടറി അപ്പു പാളയംകുന്ന് തുടങ്ങിയവരെയും സന്ദർശിച്ചു. വാമനപുരത്ത് നടത്തിയ പ്രസ് മീറ്റിൽ സുപ്രീംകോടതിയെ സമീപിക്കാനുളള സംസ്ഥാന സർക്കാരിന്റെ തീരുമാനം ജനശ്രദ്ധ തിരിച്ചുവിടാനുളളതാണെന്ന് വി.മുരളീധരൻ ആരോപിച്ചു.