
പാലോട്: ഗ്രാമീണ ആദിവാസി മേഖലയുടെ ആശ്രയമായ പാലോട് സർക്കാർ ആശുപത്രിയിലെ പ്രതിസന്ധികൾക്ക് അല്പം ആശ്വാസമാകുന്നു. നിലവിൽ ഡോക്ടർമാരുടെ കുറവിന് പരിഹാരമായിട്ടുണ്ട്. മെഡിക്കൽ ഓഫീസർ ഉൾപ്പെടെ അഞ്ചു ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. കൂടാതെ സർക്കാർ ഇ ഹെൽത്ത് പദ്ധതിയും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ലാബ് നവീകരണത്തിനായി രണ്ട് ലക്ഷം രൂപയും അനുവദിച്ചു. ത്രിതല പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്ന് രണ്ട് കോടിയോളം ചെലവഴിച്ച് ആധുനിക സൗകര്യങ്ങൾ പൂർത്തീകരിച്ച ആശുപത്രിയാണ് പാലോട്ടേത്. എക്സറേ യൂണിറ്റ്, മെഡിക്കൽ ലാബ് എന്നിവ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഡി അഡിക്ഷൻ യൂണിറ്റ്, പാലിയേറ്റിവ് കെട്ടിടം, കുട്ടികളുടെ ചികിത്സാ വിഭാഗം, പുരുഷൻമാരുടെ വാർഡ്, അടിസ്ഥാന സൗകര്യം എന്നിവയുടെ നിർമ്മാണവും നവീകരണ പ്രവർത്തനങ്ങളും കോടികൾ ചെലവഴിച്ച് പൂർത്തിയാക്കിയെങ്കിലും പൊതുജനങ്ങൾക്ക് ഇതിന്റെ ഗുണം നാളിതുവരെയും ലഭ്യമല്ല. ഡി അഡിക്ഷൻ യൂണിറ്റും പാലിയേറ്റീവ് കെയർ യൂണിറ്റും പ്രവർത്തന സജ്ജമായെങ്കിലും ഡോക്ടർമാരുടെയും മറ്റ് ടെക്നീഷ്യൻമാരുടെയും കുറവുള്ളതിനാൽ പ്രവർത്തനം പൂർണ തോതിലായിട്ടില്ല.
മാറ്റങ്ങൾ ഇങ്ങനെ
1. ഗൈനക്കോളജി ഡോക്ടറുടെ സേവനവും ലഭ്യമാക്കി
2. എൻ.ആർ.എച്ച്.എമ്മിൽ നിന്നും രണ്ടും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും രണ്ടും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി.
3.നിലവിൽ 9 ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
4.എല്ലാ ദിവസവും രാത്രിയിലും ഡോക്ടർമാർ ഉണ്ടാകും
5. 108 ഉൾപ്പെടെ രണ്ട് ആംബുലൻസുകളും സജ്ജം
കാടുകയറിയ ഐസൊലേഷൻ
ഓരോ മണ്ഡലത്തിലും എന്നതുപോലെ രണ്ടു കോടി ചെലവിൽ കിഫ് ബി മുഖേന ആരംഭിച്ച ഐസൊലേഷൻ വാർഡ് നിർമ്മാണം പാലോട് ആശുപത്രിയിൽ നിലച്ച മട്ടിലാണ്. നിർമാണത്തിന് ഇറക്കിയ സിമന്റ് ഉൾപ്പെടെ നശിച്ചു. നിർമാണം തുടങ്ങിയ കെട്ടിടം തുടങ്ങിയിടത്തു തന്നെ കാടുകയറിയ നിലയിലുമാണ്. ഈ കെട്ടിടം നിർമ്മാണത്തിനായി ലക്ഷക്കണക്കിന് രൂപയുടെ വലുതും ചെറുതുമായ നിരവധി മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. തൃശൂർ ആസ്ഥാനമായുള്ള ഡിസ്ട്രിക്റ്റ് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. ഇനി കെട്ടിടനിർമ്മാണത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
നിർമ്മാണം പൂർത്തിയായവ. .......... ചെലവായ തുക
ഡി അഡിക്ഷൻ യൂണിറ്റ് നിർമ്മാണം....... 38ലക്ഷം,
പാലിയേറ്റിവ് കെട്ടിടനിർമ്മാണം............ 30 ലക്ഷം
ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ............. 35 ലക്ഷം
കുട്ടികളുടെ ചികിത്സാ വിഭാഗ നവീകരണം .......50 ലക്ഷം
പുരുഷൻമാരുടെ വാർഡ് നവീകരണം......... 8.51000
അടിസ്ഥാന സൗകര്യ നവീകരണം ........... 1.5 ലക്ഷം