
നാഗർകോവിൽ: വർണങ്ങളുടെ കൂട്ടുകാരനാണ് ഗിന്നസ് ശ്രീരാജ്. കന്യാകുമാരി ജില്ലയിലെ മഞ്ഞാലുമൂട്ടിൽ പരേതനായ ശാന്തപ്പൻ - സുശീല ദമ്പതികളുടെ മകനാണ് ശ്രീരാജ്(35). ചെറുപ്രായത്തിലെ അച്ഛൻ നഷ്ടപ്പെട്ടു.കൂലിപ്പണിക്ക് പോയാണ് അമ്മ മകനെ വളർത്തിയത്. സഹോദരങ്ങളില്ലാത്തതിനാൽ നിറങ്ങളുടെ ലോകമായിരുന്നു ശ്രീരാജിന് കൂട്ട്.
ശ്രീരാജ് 2013ൽ ആദ്യ ലോക റെക്കാഡ് കരസ്ഥമാക്കി.2014ൽ ഭാരത് സേവക് സമാജ് എന്ന ദേശിയ പുരസ്‌കാരവും,2022ൽ 24 സ്ക്വയർ ഫീറ്റ് പ്ലൈവുഡിൽ 6 അടി നീളത്തിലും 4 അടി വീതിയിലുമായി 3,57,216 തീപ്പെട്ടിക്കോൽ ഉപയോഗിച്ച് നിർമ്മിച്ച ചാർളിചാപ്ലിന്റെ ചിത്രത്തിന് ഗിന്നസ് റെക്കാഡും ലഭിച്ചു.അതിനുശേഷം ഗിന്നസ് ശ്രീരാജ് എന്നാണ് നാട്ടുകാർ വിളിക്കുന്നത്.
ഇപ്പോൾ ക്വീൻ എലിസബത്ത് രാജ്ഞിയുടെ ഏറ്റവും വലിയ ചിത്രം വരച്ച് അടുത്ത നേട്ടത്തിനായി കാത്തിരിക്കുകയാണീ ചെറുപ്പക്കാരൻ.കാപ്പിപ്പൊടിയിൽ പച്ചവെള്ളം കലർത്തി 9 ദിവസം കൊണ്ട് 3500 ചതുരശ്രയടിയിലുള്ള ക്യാൻവാസിൽ 70അടി നീളവും 50 അടി വീതിയിലുമാണ് ചിത്രം പൂർത്തിയാക്കിയത്. കന്യാകുമാരി മഞ്ഞാലുമൂട്ടിലെ ശ്രീനാരായണ ഗുരു എൻജിനിയറിംഗ് കോളേജ് ബോർഡാണ് ചിത്രം വരയ്ക്കാനുള്ള സഹായം നൽകിയത്.കൂടാതെ ചിത്രം കോളേജ് മൈതാനത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.