
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് നീതിപൂർവ്വകവും നിക്ഷ്പക്ഷവുമായി നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനുള്ളതെന്ന് യു.ഡി.എഫ്. കൺവീനർ എം.എം ഹസൻ പറഞ്ഞു. കമ്മീഷനുള്ള പദവിയും സ്വതന്ത്ര സ്വഭാവവും നഷ്ടപ്പെട്ടുവെന്ന തോന്നൽ ജനങ്ങളിലുണ്ട്. പ്രധാനമന്ത്രിയുടെയും ഭരണകക്ഷിയുടെയും സൗകര്യത്തിനനുസരിച്ചാണ് തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയും പുതുതായി രണ്ട് കമ്മീഷണറുമാരുടെ നിയമനവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. രാജിവെച്ച കമ്മീഷണർ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവം ബോധ്യപ്പെടുത്തുന്ന തരത്തിലായിരിക്കണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. കേരളത്തിൽ യു.ഡി.എഫ് 20 സീറ്റുകളിലും ജയിക്കും. തരിമ്പ് പോലും സംശയത്തിനിടയില്ല. ഓരോ ദിവസവും ആത്മവിശ്വാസം ഉയരുകയാണ്.