തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്കുള്ള ചാൻസലറുടെ നാമനിർദ്ദേശത്തിനെതിരേ നാല് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ രേഖകൾ ഹാജരാക്കുന്നതിന് ഹൈക്കോടതിയിൽ അഞ്ചാഴ്ചത്തെ സാവകാശം തേടാൻ ഗവർണർ നിർദ്ദേശിച്ചു. രേഖകൾ ഹൈക്കോടതി വിളിപ്പിക്കുന്നത് അപൂർവമായ നടപടിയാണെന്നും വിശദമായ പരിശോധനയ്ക്ക് ശേഷമേ തീരുമാനം അറിയിക്കാനാവൂ എന്നും ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിക്കും. വിദ്യാർത്ഥികളുടെ ഹർജിയിൽ ഗവർണറുടെ നാമനിർദ്ദേശത്തിന് സ്റ്റേ അനുവദിച്ചിരുന്നു.
വിവിധ വിഷയങ്ങളിലെ 30ഒന്നാം റാങ്കുകാരും 40 കലാ, കായിക താരങ്ങളുമുള്ളതിൽ 8 പേരെയാണ് രജിസ്ട്രാർ സെനറ്റ് നാമനിർദ്ദേശത്തിന് ശുപാർശ ചെയ്തത്. മെരിറ്റുള്ള കൂടുതൽ പേരുള്ളപ്പോൾ 8 പേരെ തിരഞ്ഞെടുത്തതിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, സെനറ്റിലേക്ക് ഗവർണർ സ്വന്തം നിലയിൽ നാമനിർദ്ദേശം നൽകിയെന്നാണ് ആക്ഷേപം.