
തിരുവനന്തപുരം: ഹൈക്കോടതി സ്റ്റേയോ താത്കാലിക ആശ്വാസമോ നൽകിയില്ലെങ്കിൽ ഗവർണർ പുറത്താക്കിയ കാലിക്കറ്റ് വി.സി ഡോ.എം.ജെ. ജയരാജ്, സംസ്കൃത വി.സി ഡോ.എം.വി.നാരായണൻ എന്നിവർക്ക് ചൊവ്വാഴ്ച പദവിയൊഴിയേണ്ടി വരും. കഴിഞ്ഞ 7നാണ് ഗവർണർ ഇരുവരെയും പുറത്താക്കിയത്. ഉത്തരവ് തിങ്കളാഴ്ചവരെ നടപ്പാക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ചാൻസലറുടെ ഉത്തരവിനെതിരെ രണ്ടു വി.സിമാരും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പുറത്താക്കപ്പെട്ടവർക്ക് അപ്പീൽ നൽകാൻ ഹൈക്കോടതി ഉത്തരവുപ്രകാരം 10ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ കാലാവധി ഇന്ന് തീരും. ഹൈക്കോടതി ഇടപെട്ടില്ലെങ്കിൽ ചൊവ്വാഴ്ച രണ്ട് വി.സിമാരുടെയും ചുമതല മുതിർന്ന പ്രൊഫസർമാർക്ക് ഗവർണർ കൈമാറും.
നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തിയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുവരെയും പുറത്താക്കിയത്. 2022 ഒക്ടോബർ 21ന് സാങ്കേതിക യൂണി. വി.സിയായിരുന്ന എം.എസ്.രാജശ്രീയെ നിയമനത്തിലെ ക്രമക്കേട് കണ്ടെത്തി സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലുള്ളതാണ് ഗവർണറുടെ നടപടി. യു.ജി.സിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഓപ്പൺ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷ, ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ് എന്നിവരെയും പുറത്താക്കും.