തിരുവനന്തപുരം : മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പൊന്മുടിയിലെ മാലിന്യമുക്തമാക്കാൻ ജില്ലാ ശുചിത്വ മിഷൻ പ്രത്യേക പ്ലാൻ തയ്യറാക്കി. മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി.കല്ലാർ മുതൽ പൊന്മുടി അപ്പർസാനട്ടോറിയം വരെ ബോട്ടിൽ ബൂത്തുകളും മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിയ്ക്കാനുള്ള ബിന്നുകളും സ്ഥാപിയ്ക്കും.ടൂറിസ്റ്റ് കേന്ദ്രത്തിലെ കഫറ്റേരിയകളിൽ സ്റ്റീൽ കപ്പുകൾ മാത്രമാക്കും.ജൈവ,അജൈവ മാലിന്യശേഖരണത്തിനായി ബിന്നുകൾ സ്ഥാപിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ വനസംരക്ഷണ സമിതി മുഖേന ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യ സംസ്‌കരണ നിയമങ്ങൾ ലംഘിച്ചാലുള്ള പിഴകളെ കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ പ്രധാന പോയിന്റുകളിൽ സ്ഥാപിയ്ക്കും.വഴിയോരങ്ങളിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തും. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം, വൈസ് പ്രസിഡന്റ് റാസി, ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ ശ്രീലക്ഷ്മി, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ പ്രകാശ്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജീവ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധു തുടങ്ങിയവർ പങ്കെടുത്തു.