election

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുമാസവും പത്ത് ദിവസവും മുന്നിലുള്ളതിനാൽ മുന്നണികളുടെ പ്രചാരണ തന്ത്രം മാറിമറിയാൻ സാദ്ധ്യത. നിലവിലെ വിഷയങ്ങൾ സജീവമായി നിലനിർത്താൻ എല്ലാ മുന്നണികൾക്കും പിടിപ്പത് പണിയെടുക്കേണ്ടി വരും. പുതുതായി വിഷയങ്ങൾ ഉയർന്നുവന്നാൽ, അതിനനുസരിച്ച് തന്ത്രങ്ങൾ മാറ്റേണ്ടിവരും.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. ബഹുഭൂരിപക്ഷം സീറ്റിലും മത്സരം യു.ഡി.എഫ് -എൽ.ഡി.എഫ് കക്ഷികൾ തമ്മിലാണ്. സംസ്ഥാന സർക്കാരിനെതിരായ പ്രചാരണത്തിലാണ് യു.ഡി.എഫ് ശ്രദ്ധ. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി, മുഖ്യമന്ത്രിയുടെ മകൾക്കെതിരായുള്ള ആരോപണം എന്നിവ മുതൽ എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കിയ ആരോപണങ്ങൾ വരെ പ്രചാരണത്തിൽ ഉയർത്തുന്നുണ്ട്. വോട്ടെടുപ്പുവരെ ഇവ ചർച്ചയാക്കി നിലനിർത്താനാവും യു.ഡി.എഫ് ശ്രമം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ കേന്ദ്ര സർക്കാരിനെ ലക്ഷ്യംവെച്ച് ആവിഷ്‌ക്കരിച്ചേക്കും.

ഒരേസമയം പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ശൈലിയാവും എൽ.ഡി.എഫിന്റേത്. സി.പി.എമ്മിനും സർക്കാരിനുമെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ ഉയർത്താനാവും ശ്രമം.
സാമ്പത്തിക പ്രതിസന്ധി വലയ്ക്കുന്നുണ്ടെങ്കിലും ക്ഷേമപെൻഷൻ അടക്കം വിതരണം ചെയ്യാനുള്ള സമയം സർക്കാരിന് ലഭിച്ചേക്കും. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുകയും പ്രതിപക്ഷ ആരോപണങ്ങളെ തകർക്കുകയും ചെയ്താൽ മുന്നേറാൻ കഴിയുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.

ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ തുടർച്ചയായ ജനസമ്പർക്കത്തിലൂടെ വോട്ട് നില ഉയർത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. പരമാവധി വോട്ടർമാരെയും വോട്ട് സമാഹരിക്കാൻ കഴിവുള്ള പ്രമുഖരെയും നേരിൽ കാണാനാവും സ്ഥാനാർത്ഥികൾ ശ്രമിക്കുക. കേന്ദ്ര സർക്കാരിനെതിരെ കേരളത്തിലെ ഭരണ- പ്രതിപക്ഷ മുന്നണികളുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ സമയം ലഭിച്ചത് അവർക്ക് ആശ്വാസമായിട്ടുണ്ട്. ഇനിയുള്ള സമയം താഴേത്തട്ടിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ ഗുണം കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ് മൂന്നു മുന്നണികളും.