
ബാലരാമപുരം: കേന്ദ്രസർക്കാർ ഭരണത്തിലെ പോരായ്‌മകളുയർത്തി യു.ഡി.എഫും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുമായി എൽ.ഡി.എഫും മോദിസർക്കാരിന്റെ 10 വർഷത്തെ വികസനനേട്ടങ്ങളുമായി എൻ.ഡി.എയും പ്രചാരണം ശക്തമാക്കുന്നു. വരും ദിവസങ്ങളിൽ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങും.
വിലക്കയറ്റവും ക്യാമ്പസ് ആക്രമണവുമാണ് എൽ.ഡി.എഫിനെതിരെ യു.ഡി.എഫും ബി.ജെ.പിയും ആയുധമാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രചാരണം ശക്തമാക്കുകയാണ് എൽ.ഡി.എഫും കോൺഗ്രസും. നിർണായക തിരഞ്ഞെടുപ്പാണിതെന്നും മോദി ഭരണത്തിൽ ഫാസിസവും ഏകാധിപത്യവും വളർന്നെന്നും മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരൻ പറഞ്ഞു. ഉച്ചക്കടയിൽ യു.ഡി.എഫ് കോവളം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം സാസാരിച്ചു.
കോവളം മണ്ഡലത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുടെ കഴിഞ്ഞ ദിവസത്തെ പര്യടനം. ബാലരാമപുരത്ത് വീടുകളിലെത്തി വോട്ടഭ്യർത്ഥിച്ചശേഷം കോട്ടുകാൽ,ആഴിമല ഭാഗങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കാമ്പെയിൻ. ആഴിമല ശിവക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ആഴിലമയിൽ പ്രവർത്തകരോടൊപ്പം അദ്ദേഹം ചുവരെഴുത്തിലും പങ്കെടുത്തു. ധ്യാന മണ്ഡപത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ചു. മുഖ്യശാന്തി ജ്യോതിഷ് പോറ്റിയിൽ നിന്ന് പ്രസാദം സ്വീകരിച്ചാണ് മടങ്ങിയത്. ബി.ജെ.പി കോവളം മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയം ഇന്ന് വൈകിട്ട് 7.30ന് ബാലരാമപുരത്ത് ഉദ്ഘാടനം ചെയ്യും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രവർത്തക കൺവെൻഷൻ ഇന്നലെ പുത്തൻകാനത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ഡോ.നീലലോഹിതദാസ്,ജമീലാ പ്രകാശം, പള്ളിച്ചൽ വിജയൻ,പി.എസ്.ഹരികുമാർ,പാറക്കുഴി സുരേന്ദ്രൻ,സി.കെ.സിന്ധു രാജൻ,മംഗലത്തുകോണം രാജു,വെങ്ങാനൂർ ലോയിഡ്, ടി.ഡി.ശശികുമാർ,ടി.വിജയൻ,വിജയമൂർത്തി,പി.ചന്ദ്രകുമാർ,നെല്ലിവിളവിജയൻ,മുരളി എന്നിവർ സംസാരിച്ചു. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അജയകുമാർ സ്വാഗതം പറഞ്ഞു. കൺവെൻഷൻ 101 പേരടങ്ങുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും ചെയർമാനായി രവീന്ദ്രനെയും കൺവീനറായി പി.എസ്.അജയകുമാറിനെയും തിരഞ്ഞെടുത്തു.