binoy-vishwam

തിരുവനന്തപുരം: രാജ്യത്തുടനീളം കള്ളപ്പണത്തിന്റെ മാമാങ്കമാക്കി മാറ്റാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ശ്രമം നടത്തുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇലക്ടറൽ ബോണ്ട്. നരേന്ദ്രമോദിയുടെ ആദ്യത്തെ ഗ്യാരന്റി വിദേശ രാജ്യങ്ങളിലുൾപ്പെടെ രഹസ്യമായി നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണമെല്ലാം തിരിച്ചുകൊണ്ടുവന്ന് 15 ലക്ഷം രൂപ വീതം എല്ലാവരുടെയും അക്കൗണ്ടുകളിൽ എത്തിക്കമെന്നതായിരുന്നു. ആ ഗ്യാരന്റിക്ക് എന്ത് സംഭവിച്ചെന്നും എന്താണ് മോദിയും ബിജെപിയുടെ പാരമ്പര്യമെന്നും എല്ലാവർക്കും മനസിലായി.

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട ഇടപെടലുകളിലൂടെ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പോലെ മഹത്തായ പ്രസ്ഥാനത്തിന്റെ എല്ലാ സാമൂഹ്യപദവിയും അന്തസും നരേന്ദ്രമോദി തകർത്തു. എസ്.ബി.ഐ ബിജെപിയുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള വാഷിങ് മെഷീൻ ആയി മാറി. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് നടന്നത് വളരെ ആസൂത്രിതമായ നീക്കമായിരുന്നു വെന്ന് ഇതിനോടകം പുറത്തുവന്ന വിവരങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. ഇ.ഡി പരിശോധനയ്ക്ക് ശേഷമാണ് എല്ലാ കമ്പനികളും ഇലക്ടറൽ ബോണ്ട് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.