
നെടുമങ്ങാട് : തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മുതിർന്ന നേതാക്കളെ കളത്തിലിറക്കി പ്രധാന മുന്നണികൾ. മണ്ഡലം - മേഖല - ബൂത്തുതല കൺവെൻഷനുകളിൽ ദേശീയ,സംസ്ഥാന നേതാക്കൾ വരെ എത്തുമെന്നാണ് നേതൃത്വങ്ങൾ നൽകുന്ന സൂചന. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കൺവെൻഷനും നിയമസഭ മണ്ഡലം കൺവെൻഷനുകളും പൂർത്തിയാക്കിയ എൽ.ഡി.എഫ് മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ളയും സംസ്ഥാന മന്ത്രിമാരും അടക്കമുള്ള നേതാക്കളെ ഇതിനകം കളത്തിലിറക്കിക്കഴിഞ്ഞു. 18ന് ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിൽ ചേരുന്ന യു.ഡി.എഫ് പാർലമെന്റ് മണ്ഡലം കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യും. സമരാഗ്നിയുടെ ക്ഷീണം അകറ്റാൻ നിൽക്കാതെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവും ഒന്നിലേറെ തവണ മണ്ഡലം സന്ദർശിച്ച് ജില്ലാ,ബ്ലോക്ക് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരന്റെ കൺവെൻഷനുകൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ. ഇതിനിടെ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥാനാർത്ഥിയുടെ പദയാത്രകളിൽ പങ്കെടുക്കാനെത്തി. ഇന്നലെ രാവിലെ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്ര ദർശനത്തോടെയാണ് വി.മുരളീധരൻ പ്രചാരണം ആരംഭിച്ചത്. വർക്കല,ഇടവ, ഇലകമൺ പ്രദേശങ്ങളിൽ ഗൃഹ സമ്പർക്കവും നടത്തി. വാണിക വൈശ്യ സംഘം പ്രതിനിധികളെ നേരിൽക്കണ്ടു. വിശ്വകർമ സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിനേശ്,എസ്.എൻ.ഡി.പി യോഗം ശാഖ സെക്രട്ടറി അപ്പു പാളയംകുന്ന് എന്നിവരെയും സന്ദർശിച്ചു. ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് വാമനപുരം മണ്ഡലം കമ്മിറ്റി മുൻ അംഗം പി.രഘുനാഥൻ നായർ,സി.പി.ഐ ലോക്കൽ സെക്രട്ടറി ജി.പ്രമദചന്ദ്രൻ, സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗം ബി.ശോഭന,ആർ.എം.പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എ.പ്രദീപ് എന്നിവരെ വെഞ്ഞാറമൂട്ടിൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്,സംസ്ഥാന സമിതി അംഗം പൂവത്തൂർ ജയൻ,ജില്ലാ സെക്രട്ടറി മുളയറ രതീഷ്,വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ,വാമനപുരം മണ്ഡലം പ്രസിഡന്റ് ആർ.വി.നിഖിൽ എന്നിവർ സന്നിഹിതരായിരുന്നു. വൈകിട്ട് വിതുര, ആര്യനാട്,വെള്ളനാട് എന്നിവിടങ്ങളിൽ പദയാത്രകളിൽ പങ്കെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് രാവിലെ കാട്ടാക്കട,ആറ്റിങ്ങൽ,വർക്കല ഭാഗങ്ങളിൽ മരണവീടുകൾ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തി പ്രാർത്ഥനാലയം,താമര പർണശാല,സഹകരണ മന്ദിരം എന്നിവിടങ്ങളിൽ ദർശനം നടത്തി.ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി,സ്വാമി ജ്യോതിർ പ്രഭ, മറ്റു സന്യാസിമാർ,ആശ്രമംചുമതലക്കാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ഇന്ന് യു.ഡി.എഫ് വാമനപുരം,നഗരൂർ മണ്ഡലം കൺവെൻഷനുകളിലും വെമ്പായം ,കന്യാകുളങ്ങര മേഖലയിൽ നൈറ്റ് മാർച്ചിലും പങ്കെടുക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രോത്സവ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് ചിറയിൻകീഴ് മണ്ഡലം കൺവെൻഷൻ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.വി.ശശി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സി.ജയൻബാബു, മനോജ് ബി.ഇടമന,ഫിറോസ്‌ലാൽ,അജയകുമാർ,ആർ.സുഭാഷ്, മധു മുല്ലശ്ശേരി എന്നിവർ പങ്കെടുത്തു. ആറ്റിങ്ങലിൽ നടന്ന നൈറ്റ് മാർച്ചിനും നേതൃത്വം നൽകി. ഇന്ന് വെഞ്ഞാറമൂട്ടിലും നെടുമങ്ങാട്ടും നൈറ്റ് മാർച്ച് നടക്കും.പിണറായി സർക്കാരിന്റെ അഴിമതിയും അക്രമവും സ്വജനപക്ഷപാതവും മടുത്ത കേരള ജനത എൻ.ഡി.എയ്ക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ പറഞ്ഞു. മാസപ്പടി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പൗരത്വ ഭേദഗതിയുടെ പേരിൽ നടക്കുന്നത്. മതസ്പർദ്ധ ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.1600 രൂപ പെൻഷൻ കൊടുക്കാൻ പോലും കഴിയാതെ നട്ടംതിരിയുന്ന അവസ്ഥയിലാണ് ലക്ഷക്കണക്കിന് രൂപ അഭിഭാഷകർക്ക് നൽകിയുള്ള നിയമയുദ്ധമെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട്ടിൽ ബി.ജെ.പിയിൽ ചേർന്ന എൽ.ഡി.എഫ്, കോൺഗ്രസ് പ്രവർത്തകർക്ക് സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.