തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുപിന്നാലെ തിരുവനന്തപുരം മണ്ഡലത്തിൽ പ്രചാരണം ഇന്നുമുതൽ കൂടുതൽ ശക്തമാക്കാൻ യു.ഡി.എഫ്,എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ.ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണത്തിന് ചൂടും ചൂരും ഏറും. കത്തിക്കാളുന്ന കുംഭച്ചൂടിനെക്കാൾ ഇനി തലസ്ഥാനം അനുഭവിക്കുക തിരഞ്ഞെടുപ്പ് ചൂടായിരിക്കും.യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ ഡോ.ശശി തരൂർ ഇന്നലെ പ്രചാരണം ആരംഭിച്ചത് പ്രസ് ക്ളബിൽ അദ്ദേഹത്തിന്റെ വികസന രേഖ പ്രകാശനം ചെയ്തുകൊണ്ടായിരുന്നു.അതിനുശേഷം പ്രസ് ക്ലബിൽ നിന്ന് ഓട്ടോറിക്ഷയിലായിരുന്നു തരൂരിന്റെ യാത്ര.ഉച്ചയ്‌ക്ക് 12ന് ശ്രീചിത്ര പൂവർ ഹോമിൽ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷിക്ത ആഘോഷങ്ങളിലും പങ്കെടുത്തു.വൈകിട്ട് 4ന് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ വർക്കേഴ്സ് മീറ്റിൽ മുഖ്യാതിഥിയായി. 5ന് ഉച്ചക്കടയിൽ കോവളം നിയമസഭാ മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വെള്ളറട കുരിശുമല തീർത്ഥാടനത്തിലും പോങ്ങുമ്മൂട് പുളിക്കൽ ഭഗവതി ക്ഷേത്രത്തിലെ അവാർഡ് ചടങ്ങിലും പങ്കെടുത്തു.രാവിലെ 8ന് പൂജപ്പുര ഹോളി ക്രോസ് പള്ളി സന്ദർശിച്ച് തരൂർ ഇന്നത്തെ പര്യടനം ആരംഭിക്കും.9ന് പരുത്തിപ്പാറ ഇമ്മാനുവൽ പള്ളി, 10ന് ജേക്കബൈറ്റ്, മാർ ഇവാനിയോസ്, റാണിഗിരി പള്ളികളിലെത്തും.12ന് പി.എം.ജി, ലൂർദ് പള്ളികളിൽ ഊട്ട് നേർച്ചയിൽ പങ്കെടുക്കും. വൈകിട്ട് 5ന് വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തിലെത്തും. 6.30ന് കരമന ജുമാമസ്‌ജിദ് നോമ്പുതുറയിൽ പങ്കെടുത്ത് ഇന്നത്തെ പര്യടനം അവസാനിപ്പിക്കും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ പ്രചാരണം കേന്ദ്രീകരിച്ചത് തീരദേശ മേഖലയിലായിരുന്നു.ഉച്ചയ്ക്ക് 12ന് ശ്രീകുമാരൻ തമ്പിയുടെ 84-ാം ജന്മദിന പരിപാടിയിൽ പങ്കെടുത്ത ശേഷമായിരുന്നു ഇത്.കഴക്കൂട്ടം പള്ളിത്തുറയിൽ നിന്നാണ് പന്ന്യൻ തീരദേശ പര്യടനം ആരംഭിച്ചത്. 16 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ വിഴിഞ്ഞത്ത് സമാപിച്ചു.തീരദേശത്തെ അവശേഷിക്കുന്ന 10 കേന്ദ്രങ്ങളിലെ പര്യടനം നാളെ നടക്കും.രാവിലെ 8.30ന് ആരംഭിക്കുന്ന പര്യടനം അടിമലത്തുറയിൽ നിന്നാരംഭിച്ച് വൈകിട്ട് 4ന് തെക്കേ കൊല്ലനാട് സമാപിക്കും.കോളേജുകൾ അടയ്ക്കുന്നത് മുന്നിൽക്കണ്ട് കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണം പന്ന്യൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. 23ന് മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാകും. ഇന്ന് രാവിലെ പര്യടനമില്ല.ഉച്ചയ്ക്കു ശേഷം പാറശാലയിൽ മേഖല സമ്മേളനങ്ങളിൽ പങ്കെടുക്കും.വൈകിട്ട് കുരിശുമല തീർത്ഥാടനത്തിലും പങ്കെടുക്കും.
എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ബാലരാമപുരം ഉച്ചക്കടയിലായിരുന്നു ഇന്നലെ പ്രചാരണം തുടങ്ങിയത്.തുടർന്ന് പള്ളിച്ചൽ പെരിങ്ങമലയിൽ പ്രവർത്തിക്കുന്ന കസവുകടയിലെത്തി നെയ്‌ത്തു തൊഴിലാളികളുടെ പരാതികൾ കേട്ടു.ബാലരാമപുരത്ത് ഗൃഹസന്ദർശനത്തിലും പങ്കെടുത്തു.പിന്നാലെ ആഴിമല ശിവക്ഷേത്ര ദർശനം നടത്തി.ദർശനത്തിന് ശേഷം ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ സന്ദർശിച്ചു.മഹേശ്വരന്റെ പ്രതിമക്ക് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ധ്യാനമണ്ഡപത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളും ചോദിച്ചറിഞ്ഞു. പിന്നീട് തീരദേശമേഖലയിലെത്തിയ അദ്ദേഹം പുല്ലുവിളയിലെ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളും സന്ദർശിച്ചു. തുടർന്ന് പൂവാർ സെന്റ് ബർത്തലോമിയ ഡയസ് പള്ളിയിലെത്തി.ഉച്ചയ്ക്ക് ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷക്ത ആഘോഷങ്ങളിൽ പങ്കെടുത്ത രാജീവ് ചന്ദ്രശേഖർ തമ്പിയുമായുള്ള 'മൊബൈൽ ബന്ധ'ത്തിന്റെ അപൂർവ കഥയും പങ്കുവച്ചു.രാവിലെ 9.45ന് നെയ്യാറ്റിൻകരയിൽ മണ്ഡലം പരിപാടികളിൽ പങ്കെടുത്താണ് രാജീവ് ചന്ദ്രശേഖർ ഇന്നത്തെ പ്രചാരണം തുടങ്ങുക. ഉച്ചയ്ക്ക് 3ന് പാർട്ടി യോഗത്തിൽ പങ്കെടുത്ത ശേഷം 4.30 ഓടെ പൊഴിയൂരിലെത്തും.വൈകിട്ട് 5.30ന് ശാസ്തമംഗലത്ത് ഐ.ടി യോഗത്തിൽ പങ്കെടുക്കും.