agnikkavadi

ചിറയിൻകീഴ്: ഭക്തിയുടെ നിറവിൽ പെരുങ്ങുഴി രാജരാജേശ്വരി ക്ഷേത്രത്തിലെ അഗ്നിക്കാവടി അഭിഷേകം സമാപിച്ചു. ക്ഷേത്രത്തിലെ മുരുകൻനടയിലെ കാവടിത്തറയിൽ മുപ്പതടിയോളം ടൺ കണക്കിന് വിറക് കൂട്ടിയാണ് അഗ്നി ജ്വലിപ്പിച്ചത്. ഇന്നലെ വെളുപ്പിന് 3.30ന് ആഴി പൂജയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്ര നടയിൽ നിന്നും പെരുങ്ങുഴി മേടയിൽ മുത്താരമ്മൻ ക്ഷേത്രത്തിലെത്തി തിരിച്ച് ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ച ശേഷമാണ് മുരുക സന്നിധിയിലെ ആഴിയിൽ കനലാട്ടം ആരംഭിച്ചത്. താരകാസുരനെ നിഗ്രഹിച്ച് സുബ്രഹ്മണ്യൻ നാട്ടിൽ സമാധാനവും ഐശ്വര്യവും പുലരുമെന്ന് കണ്ട് സന്തോഷത്താൽ അഗ്നിയിൽ നടത്തിയ ആനന്ദ നൃത്തത്തെ അനുസ്മരിച്ച് നടത്തുന്ന ക്ഷേത്രച്ചടങ്ങാണിത്. ഇന്നലെ വൈകിട്ട് നടന്ന പാൽക്കാവടി ഘോഷയാത്രയിലും വൻ ഭക്തജനങ്ങൾ പങ്കെടുത്തു. ഉത്സവ സമാപന ദിവസമായ ഇന്ന് രാവിലെ 6.30ന് കണികാണിക്കൽ,​ 6.45ന് അഷ്ടദ്രവ്യ അഭിഷേകം, 7ന് മഹാഗണപതിഹോമം, 9ന് കലശാഭിഷേകം, 9.30ന് തിരുവാതിരപ്പൊങ്കാല, 10ന് ദേവിക്ക് പട്ടും താലിയും സമർപ്പണം, 11.30ന് തിരുവാതിര സദ്യ, വൈകുന്നേരം 5ന് കാഴ്ചശ്രീബലി, 5.30ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 7ന് തിരുവനന്തപുരം മാഗ്നെറ്റോ അവതരിപ്പിക്കുന്ന കളിയിൽ അല്പം കാര്യം, 10.30ന് ശേഷം തൃക്കൊടിയിറക്ക്, ആറാട്ടുകലശം, 10.45ന് പാനക നിവേദ്യം തുടർന്ന് മഹാനിവേദ്യം, ചമയവിളക്ക്, ആനപ്പുറത്തെഴുന്നള്ളത്ത്, നാദസ്വര കച്ചേരി എന്നിവയോടെ ഉത്സവം സമാപിക്കും.