ponkala-

ചിറയിൻകീഴ്: പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന തിരുവാതിര പൊങ്കാലയിൽ ആയിരങ്ങൾ പങ്കെടുത്തു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നലെ രാവിലെ 9.30ന് ക്ഷേത്ര മേൽശാന്തി കാര്യവട്ടം മേനല്ലൂർ സതീശൻ പോറ്റി പണ്ഡാര അടുപ്പിൽ തീ പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. മറ്റു അടുപ്പുകളിലേക്കും തീ പകർന്നതോടെ ക്ഷേത്രപ്പറമ്പ് യാഗശാലയായി മാറി. 11.30ന് പൊങ്കാല നിവേദ്യം നടന്നു. തുടർന്ന് വൈകിട്ട് 5.30ന് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയെ ആറാട്ടിനെഴുന്നള്ളിച്ചു. ആറാട്ട് കടവിൽ നീരാടിയ ശേഷം ദേവീ ചൈതന്യം തിരിച്ചെഴുന്നള്ളിയപ്പോൾ വഴിയോരങ്ങളിൽ നിറപറയും നിലവിളക്കുമൊരുക്കി ഭക്തജനങ്ങൾ ദേവിയെ എതിരേറ്റു. രാത്രി തൃക്കൊടിയിറക്ക്, പാനക നിവേദ്യം, മഹാനിവേദ്യം, ചമയവിളക്ക് എന്നിവയോടെ പത്ത് ദിവസം നീണ്ടു നിന്ന ഉത്സവാഘോഷങ്ങൾക്ക് സമാപനമായി.