
തിരുവനന്തപുരം: 'ഈ മുടിയിലും കത്രികയിലും സഖാവിന്റെ അദൃശ്യ സാന്നിദ്ധ്യമുണ്ട്. എന്റെ ഏറ്റവും വലിയ സമ്പാദ്യവും ഇതുതന്നെ." ഒരു പതിറ്റാണ്ടുകാലം മുൻ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ബാർബർ ആയിരുന്നു കൈമനത്ത് താമസിക്കുന്ന ആര്യനാട് മോഹനൻ. നാളെ ഇ.എം.എസ് ഓർമ്മയായിട്ട് 26 വർഷം പിന്നിടുമ്പോൾ സഖാവിനെ ഓർക്കുകയാണ് ഈ 70 കാരൻ. ഇം.എം.എസിന്റെ വിയോഗത്തിന് അഞ്ചുമാസം മുമ്പ് മുറിച്ച ഒരു പിടി മുടി, കത്രിക, ദേഹം പുതയ്ക്കാൻ ഉപയോഗിച്ച തുണി എന്നിവയാണ് മോഹനന്റെ വീട്ടിൽ ചില്ലുപെട്ടിയിൽ സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഇ.എം.എസിന്റെ ഭാര്യ ആര്യ അന്തർജനത്തിന്റെ മുടിയുമുണ്ട്. 1989ൽ തമ്പാനൂരിൽ ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ വിക്കി ജെന്റ്സ് ബ്യൂട്ടിപാർലർ നടത്തിയിരുന്നപ്പോഴാണ് വീട്ടിലേക്ക് വിളിപ്പിച്ചത്. കവടിയാറിലെ വാടകവീട്ടിൽ നിറപുഞ്ചിരിയോടെ ഇം.എം.എസ് എതിരേറ്റു. ഒരു കപ്പ് ചായ നൽകി വീട്ടുകാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചുരുങ്ങിയകാലം കൊണ്ട് ഇം.എം.എസിന്റെ വിശ്വസ്തനായി. സമയനിഷ്ഠ മുഖമുദ്രയായിരുന്നു. ഒരിക്കൽ എത്താൻ വൈകിയപ്പോൾ ഇ.എം.എസ് അസ്വസ്ഥനായി. വീടിന്റെ പാലുകാച്ചിനും ഇ.എം.എസ് എത്തി.
എ.കെ.ജി മുതൽ യേശുദാസ് വരെ
യേശുദാസ്, ജഗതി ശ്രീകുമാർ, ജഗദീഷ്, ഇന്ദ്രൻസ്, ജി.ശങ്കരക്കുറുപ്പ് എന്നിവരുടെ മുടിയും സൂക്ഷിച്ചുവച്ചിട്ടുണ്ട്. എ.കെ.ജിയുടെ മുടിയും ഉണ്ടായിരുന്നു. കുറേനാൾ പേപ്പറിൽ സൂക്ഷിച്ചുവച്ചിരുന്നത് വീടുമാറിയപ്പോൾ നഷ്ടമായി. ജനിച്ചുവളർന്നത് ആര്യനാടാണ്. 13-ാം വയസിൽ പഠിച്ചതാണ് ഈ തൊഴിൽ. പ്രീഡിഗ്രിക്ക് ശേഷം ഗൾഫിലേക്ക്. അവിടെ ജെന്റ്സ് ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ, ബ്യൂട്ടി പാർലർ തുടങ്ങി. കേരളത്തിൽ ജെന്റ്സ് ബ്യൂട്ടി പാർലർ തരംഗമായത് അക്കാലത്താണ്. ഭാര്യ ഷീലയും ബ്യൂട്ടിഷ്യനാണ്. മക്കൾ: അരുൺ, അനീഷ്, അർജുൻ.